ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് സമൂഹത്തിലെ സാമ്പത്തിക അവശതയനുഭവി ക്കുന്നവർക്ക് നല്‍കേണ്ട നിര്‍ബന്ധ ദാനമാണ് ഫിത്വര്‍ സകാത്ത്. മനുഷ്യന്റെ ശാരീരിക ആത്മീയ ശുദ്ധീകരണമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. റമളാനിന് പരിസമാപ്തി കുറിച്ച് കടന്നു വരുന്ന ചെറിയ പെരുന്നാളിൻ്റെ സൂര്യസ്തമയത്തോടെ ഇത് നിര്‍ബന്ധമാകും.
പെരുന്നാളിൻ്റെ സന്തോഷ ദിനത്തിൽ പട്ടിണിയിലകപ്പെടാതെ തൻ്റെ സഹോദരനെ ചേർത്തു പിടിക്കുക എന്നതാണ് ഫിത്വർ സകാത്തിൻ്റെ ഒരു ലക്ഷ്യം. നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് നല്‍കേണ്ടത്. നമ്മുടെ നാട്ടിൽ അരിയാണ് മുഖ്യാഹാരം. ഇമാം ഇബ്‌നു ഹജര്‍(റ) എഴുതുന്നു:
‘ന്യൂനതയില്ലാത്ത ധാന്യമാണ് നല്‍കേണ്ടത്. ഉണക്കമില്ലാത്തത്, പുഴുക്കുത്തുള്ളത്, തുടങ്ങിയ ന്യൂനതകളുള്ളത് മതിയാകുന്നതല്ല. ധാന്യത്തിന്റെ വില നല്‍കലും മതിയാകില്ല.
ഫഖീര്‍, മിസ്‌കീന്‍, (ദരിദ്രർ) നവ മുസ്‌ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, യാത്രക്കാര്‍, സകാത്ത് സംബന്ധമായ ജോലിക്കാര്‍, യോദ്ധാവ് തുടങ്ങിയവരാണ് സകാത്തിന്റെ അവകാശികള്‍ ഈ അവകാശികളിൽ നിന്ന് നമ്മുടെ പരിസരങ്ങളിൽ ഉള്ളവർക്കാണ് ഇത് നൽകേണ്ടത്.
ഒരാള്‍ക്കു വേണ്ടി നാല് മുദ്ദ് അഥവാ ഒരു സ്വാഅ് ധാന്യമാണ് നല്‍കേണ്ടത്. ഒരു സ്വാഅ് 3.200 ലിറ്റര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അളവാണ് മാനദണ്ഡം. തൂക്കമല്ല. തൂക്കമനുസരിച്ച് നല്‍കുന്നവര്‍ മേല്‍ അളവില്‍ കുറയാത്ത തൂക്കം നല്‍കേണ്ടതാണ്.
Discussion about this post