വിശ്വാസിയുടെ വിജയത്തിന്റെ നിദാനമായ ഗുണവിശേഷമാണ് വിനയം. അത് വിശ്വാസിയുടെ മുഖമുദ്രയാണ്. തൻ്റെ ചുറ്റിലും ജീവിക്കുന്നവരോടുള്ള പെരുമാറ്റ രീതിയില്‍ മതത്തിനും രാഷ്ട്രീയത്തിനുപ്പുറം വിനയം കാത്തു സൂക്ഷിക്കാന്‍ നമുക്ക് കഴിയണം. ഞാന്‍ മറ്റുള്ളവരേക്കാള്‍ ഉന്നതനാണെന്ന ചിന്ത ഒരാൾക്കുമുണ്ടാകരുത്. സാമ്പത്തിക- ശാരീരിക കഴിവ് കൊണ്ടും മറ്റു പ്രവര്‍ത്തനങ്ങളെ കൊണ്ടും എന്നെക്കാള്‍ മുകളില്‍ പലരുമുണ്ട് എന്ന ചിന്തയായിരിക്കണം വിശ്വാസിയിലുണ്ടാകേണ്ടത്.
അല്ലാഹു പറയുന്നു:
തന്റെ സഹോദരനോട് താഴ്മ കാണിക്കുന്നവനെ അല്ലാഹു ഉന്നതനാക്കും. അഹങ്കാരം കാണിക്കുന്നവരെ ഇകഴ്ത്തുകയും ചെയ്യും. അഹങ്കാരം തിന്മയാണ്. അത് ഇഹലോകത്തും പരലോകത്തും അപകടം ചെയ്യും.
ഇസ്ലാമിക സന്ദേശം ലോകത്തിന് പകർന്ന് നൽകിയ പ്രവാചകൻ(സ) ഇതെല്ലാം പറയുന്നതിനപ്പുറം സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകുകയായിരുന്നു. ഖുർആൻ പ്രവാചകർ(സ)യുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞത്
‘നിങ്ങൾ ഏറ്റവും ഉന്നതവും ഉദാത്തവുമായ സ്വഭാവക്കാരനാണെന്നാണ്.
മനുഷ്യരിൽ പരിപൂർണ്ണനായ പ്രവാചകൻ(സ) മൃഗങ്ങളെ വളർത്തുകയും തീറ്റ കൊടുക്കുകയും വീട്ടുപണികളിൽ ഭാര്യമാരെ സഹായിക്കുകയും എല്ലാം ചെയ്യുമായിരുന്നു. മുഹമ്മദ് നബി (സ്വ) കാണിച്ച വിനയത്തിന്റെ മാതൃക ഉള്‍ക്കൊണ്ടാണ് വിശ്വാസി ജീവിക്കേണ്ടത്.
ഒരിക്കല്‍ നബി (സ്വ) യും അനുചരന്മാരും ഒരു യാത്രാവേളയില്‍ വിശ്രമത്തിനായി ഒരിടത്ത് തമ്പടിച്ചു. ഭക്ഷണത്തിന് വേണ്ടി ഒരാടിനെ അറുത്ത് പാകം ചെയ്യാന്‍ തീരുമാനിച്ചു. സ്വഹാബികളില്‍ ഒരാള്‍ പറഞ്ഞു. മൃഗത്തെ അറുക്കുന്ന കാര്യം ഞാന്‍ ചെയ്യാം. മറ്റൊരു സ്വഹാബി പറഞ്ഞു. ഇറച്ചി ഞാന്‍ വൃത്തിയാക്കിത്തരാം. മറ്റൊരാള്‍ പറഞ്ഞു. ഞാനാത് പാകം ചെയ്യാം. ഇങ്ങനെ ഓരോ പണിയും ഓരോരുത്തരായി ഏറ്റെടുത്തു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: എന്നാല്‍ വിറക് ഞാൻ കൊണ്ടു വരാം അനുചരന്മാര്‍ അത് വേണ്ടെന്ന് പറഞ്ഞെങ്കിലും നബി (സ്വ) അവരോട് പറഞ്ഞു.
സ്വഹാബികളേ വിറക് കൊണ്ടുവരുന്ന കാര്യം നിങ്ങള്‍ ചെയ്യുമെന്ന് എനിക്കറിയാം. പക്ഷേ ഇത് ഞാനാണ് ചെയ്യുക. കാരണം നിങ്ങളെക്കാള്‍ ഉയര്‍ന്നവനായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളേക്കാള്‍ സ്വയം ഉയര്‍ന്നവനായി നടക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
ഇതും പറഞ്ഞ് നബി (സ്വ) വിറക് ശേഖരിക്കാന്‍ പോയി.
വലിയ നേതാവായിട്ടും ഇരിപ്പിടത്തിലിരുന്ന് അണികളോട് കല്‍പ്പിക്കുന്നതിന് പകരം അവിടുന്ന് ചെയ്തത് എത്രമാത്രം താഴ്മ നിറഞ്ഞ പ്രവര്‍ത്തനമാണ്.
ഒരു നേതാവ് സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന ഉൽകൃഷ്ടമായ സന്ദേശമാണ് ഈ സംഭവത്തിലൂടെ പ്രവാചകൻ പകർന്നു നൽകുന്നത്.
Discussion about this post