രാത്രി നിസ്കാരത്തിന് ഏറെ പ്രാധാന്യവും പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട് വിശുദ്ധ ഖുർആൻ.
ജനങ്ങളെല്ലാം നിശയുടെ നിശബ്ദതയിൽ പുതച്ചുറങ്ങുമ്പോൾ എഴുനേറ്റ് തൻ്റെ നാഥനുമായി രഹസ്യ സംഭാഷണത്തിലേർപ്പെടുന്നത് യജമാനനും അടിമയും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തേയാണ് സൂചിപ്പിക്കുന്നത്.
പ്രവാചകൻ പറയുന്നു:
‘രാത്രികാലങ്ങളിൽ ജനങ്ങൾ ഉറങ്ങി കൊണ്ടിരിക്കെ നിങ്ങൾ എഴുന്നേറ്റ് നിസ്കരിക്കുക’
പ്രവാചകൻ (സ) ക്ക് രാത്രികാല നിസ്കാരം ആദ്യകാലത്ത് നിർബന്ധമായിരുന്നു. പിന്നീട് നിർബന്ധ ബാധ്യത അല്ലാഹു ഒഴിവാക്കിക്കൊടുത്തു. രാത്രികാല നിസ്കാരത്തിൻ്റെ നിർബന്ധ സ്വഭാവം ഒഴിവായെങ്കിലും നബി(സ) അത് നിത്യജീവിതത്തിൻ്റെ ഭാഗമാക്കിയിരുന്നു.
രാത്രി നിസ്കാരങ്ങളിൽ ഏറെ പ്രതിഫലാർഹമായതാണ് തഹജുദ് നിസ്കാരം. ഉറക്കമൊഴിക്കുക എന്നാണ് തഹജുദ് എന്ന അറബി പദത്തിനർത്ഥം. രാത്രിയിൽ ഉറങ്ങിയെഴുനേറ്റാൽ
നിസ്കരിക്കുന്ന നിസ്കാരമാണത്. തഹജുദ് നിസ്കാരം മുന്‍ഗാമികളുടെ ശീലങ്ങളില്‍ പെട്ടതും, അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗവും, പാപമോചനത്തിനുള്ള വഴിയും, ദുശ്ചൈതികളില്‍ നിന്ന് മനുഷ്യനെ പ്രതിരോധിക്കുന്നതും, ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതുമാണെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഹൃദയ ശുദ്ധീകരണത്തിൻ്റെ മാർഗങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് തഹജുദ് നിസ്കാരം.
എല്ലാ കാലങ്ങളിലും നോമ്പ് സമയത്ത് പ്രത്യേകിച്ചും ഈ നിസ്കാരം വിശ്വാസി ജീവിതത്തിൻ്റെ ഭാഗമാക്കണം
Discussion about this post