വിശുദ്ധ റമളാൻ നിയന്ത്രണങ്ങളുടെ പരിശീലനവും കൂടിയാണ്. സർവ്വ കാര്യങ്ങളിലും നിങ്ങൾ മിതത്വം പാലിക്കുക. വെള്ളം, ഭക്ഷണം തുടങ്ങിയ മനുഷ്യ ജീവിതത്തിൻ്റെ
നിത്യോപയോഗ വസ്തുക്കളിലെല്ലാം മിതമായി ഉപയോഗിക്കാൻ നാം ശീലിക്കണം.
അല്ലാഹു പറയുന്നു:
‘നിങ്ങൾ ദുർവ്യയം ചെയ്യരുത്, ദുർവ്യയം ചെയ്യുന്നവർ പിശാചിൻ്റെ സഹോദരന്മാരാണ്’.
വെള്ളത്തിന്റെ അമിത വ്യയത്തിനെതിരെയും ദുര് വിനിയോഗത്തിനെതിരെയും ശക്തമായി ഇസ്ലാം ശബ്ദിച്ചിട്ടുണ്ട്. ആവശ്യത്തിന് മാത്രം ജലം വിനിയോഗിക്കുന്നതാണ് യഥാര്‍ത്ഥ സത്യവിശ്വാസിയുടെ ജീവിത ചര്യ.
പ്രവാചക ജീവിതം തന്നെ ഇതിന് മാതൃകയാണ്. അവിടുന്ന് ഒരു മുദ്ദ് വെള്ളം കൊണ്ടാണ് (800 മില്ലി)വുളൂഅ് ചെയ്തിരുന്നത്. കുളിക്ക് വേണ്ടിയും കുറഞ്ഞ വെള്ളമാണ് ഉപയോഗിച്ചിരുന്നത്.
നിസ്കാരത്തിന് അംഗസ്നാനം നടത്തുമ്പോൾ അൽപം അമിതമായി വെള്ളം ഉപയോഗിച്ചു പോയ തൻ്റെ അനുചരനോട് പ്രവാചകൻ പറഞ്ഞു:
“നിറഞ്ഞൊഴുകുന്ന നദിയില്‍ നിന്നോ കടലില്‍ നിന്നോ അംഗസ്നാനം നടത്തുമ്പോഴും ആവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാവൂ.”
വെള്ളം ഭൂമിയിൽ മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല. സകല ജീവികളുടേയും അവകാശമാണ്. മറ്റു ജീവികൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുമ്പോൾ മനുഷ്യൻ അമിതവ്യയമാണ് ചെയ്യുന്നത്.
ഇസ്ലാമിക കർമശാസ്ത്രം നിർദ്ദേശിക്കുന്നത് ഒരാൾ തൻ്റെ സ്ഥലത്ത് സ്വന്തമായി നിർമ്മിച്ച കിണറിലെ വെള്ളത്തിൻ്റെ കൈവശാവകാശം മാത്രമാണ് അയാൾക്കുള്ളത് എന്നാണ്.
ചുറ്റുവട്ടവും താമസിക്കുന്നവരുടെ പറമ്പിലൂടെ ഒഴുകി ഉറവെയെടുത്താണ് കിണറിൽ വെള്ളമുണ്ടാകുന്നത്. ആയതിനാൽ ആ വെള്ളത്തിൻ്റെ അവകാശം അയൽവാസികൾക്ക് കൂടിയുള്ളതാണ്. മറ്റുള്ളവർക്ക് വെള്ളം തടയാൻ ഒരാൾക്കും അവകാശമില്ല.
Discussion about this post