തിരുവനന്തപുരം: കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ ടി പി ആര് നോക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഇരട്ടത്താപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടി പി ആര് അശാസ്ത്രീയവും അത് നോക്കേണ്ടെന്നുമാണ് ആരോഗ്യമന്ത്രിയുടെ പുതിയ വെളിപ്പെടുത്തല്‍. നേരത്തെ ടി പി ആറിന്റെ കണക്ക് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ലോകത്ത് കോവിഡ് നേരിടുന്നതില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് പ്രഖ്യാപിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
മുന്‍പ് കേരളത്തിലെ കുറഞ്ഞ ടി പി ആര് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് വിദേശമാധ്യമങ്ങളില്‍ പോലും പരസ്യങ്ങള്‍ കൊടുക്കുകയും വാര്‍ത്തകള്‍ എഴുതിപ്പിക്കുകയും ചെയ്തു. കോവിഡിനെ നേരിടുന്നതില്‍ ഒന്നാം സ്ഥാനം നേടി എന്ന് പറഞ്ഞ് വീമ്പിളക്കിയവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
പൊതുജനങ്ങള്‍ക്ക് വിവാഹത്തിന് 20 പേര് മതിയെന്ന് നിബന്ധന വെക്കുന്ന സര്‍ക്കാര്‍ എങ്ങനെയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് 185 ഓളം പേര്‍ക്ക് അനുവാദം കൊടുക്കുന്നത്. ഭരണം നടത്തുന്ന പാര്‍ട്ടിക്ക് തിരുവാതിരക്ക് ആയിരക്കണക്കിന് ആള്‍ക്കാരെ കൂട്ടാമെങ്കില്‍ ഞങ്ങള്‍ക്കും കൂട്ടം കൂടാമെന്ന് ജനങ്ങള്‍ പറഞ്ഞാല്‍ അവരെ എങ്ങനെ തടയാന്‍ കഴിയും. നിയന്ത്രണങ്ങള്‍ പാലിച്ച് മാതൃക കാട്ടേണ്ട പാര്‍ട്ടിയാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് ഞങ്ങള്‍ അഞ്ച് പേര് സമരം ചെയ്തപ്പോള്‍ അന്ന് എല്ലാവരുടെ പേരിലും കേസെടുക്കുകയായിരുന്നു. അന്ന് പ്രതിപക്ഷം സമരം ചെയ്തപ്പോള്‍ മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിളിച്ച് കളിയാക്കി. രണ്ട് എം എല്‍ എമാര്‍ പാലക്കാട് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ പോയപ്പോള്‍ അവരെ മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു. ഇന്ന് ഇവരെയൊക്കെ എന്താണ് വിളിക്കേണ്ടത്.
കാസര്‍കോട് ജില്ല കളക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് സമ്മര്‍ദ്ദത്തിന് വിധേയമാകുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവത്തിന് ശേഷം കാസര്‍കോട് ജില്ലാ കളക്ടര്‍ അവധിയില്‍ പ്രവേശിച്ചത്. കാസര്‍കോട് ജില്ലാ സമ്മേളനം നടത്തുന്നത് കള്ളക്കഥകള്‍ നിരത്തിയാണ്. അമ്പതിനും എഴുപത്തിയഞ്ചിനും ഇടയിലുള്ള ആളുകള്‍ക്ക് കൂട്ടം കൂടാമെന്നുള്ളതാണ്. എന്നാല്‍ ആ ജില്ലാ സമ്മേളനത്തില്‍ 185 പേരോളം പങ്കെടുത്തു. ആരാണ് പ്രോട്ടോകോള്‍ ലംഘിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Discussion about this post