പയ്യോളി: ചുട്ടുപൊള്ളുന്ന മീനച്ചൂടിന് ആശ്വാസമായി വേനൽ മഴയെത്തി. തിക്കോടി, പയ്യോളി, തറയൂർ, മൂടാടി, മണിയൂർ, വടകര, കൊയിലാണ്ടി, മേപ്പയ്യൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ മഴ തിമർത്തു പെയ്തു. ഇന്നു പുലർച്ചയാണ് മഴ തുടങ്ങിയത്. ഇടിമിന്നലിനോടൊപ്പം എത്തിയ മഴ പലയിടങ്ങളിലും മണിക്കൂറുകൾ നീണ്ടു. മിക്കയിടത്തും 10 മണിയോടെയാണ് മഴയ്ക്ക് ശമനമായത്. മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്.
കുടിവെള്ള ക്ഷാമം രൂക്ഷമായയിടങ്ങളിൽ ആശ്വാസത്തിൻ്റെ തെളിനീരായി ഇത് മാറി. കനാൽ ജലം എത്താൻ വൈകിയതിനെ തുടർന്ന് ആശങ്കയിലായിരുന്ന കർഷകർക്കും വേനൽമഴ അനുഗ്രഹമായി മാറി. അസഹനീയമായ ചൂടിൽ വെന്തുരുകിയ പ്രകൃതിക്ക് ഇന്ന് പെയ്ത കനത്ത മഴ കുളിരേകി. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ ഫലമായാണ് വേനൽ മഴയെത്തിയത്. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, വേനൽ മഴ പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കിടക്കാനിടയാക്കി. റോഡുകളിലെ കുഴികളിൽ പലതിലും മഴക്കാലത്തെന്ന പോലെ വെള്ളം നിറഞ്ഞു.
Discussion about this post