ന്യൂഡൽഹി: പാർലമെന്റിൽ കേന്ദ്രഭരണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഇപ്പോൾ രണ്ട് തരം ഇന്ത്യയാണുളളതെന്ന് രാഹുൽ പറഞ്ഞു. ഒന്ന് പണക്കാരുടെയും മറ്റൊന്ന് പാവങ്ങളുടെയും. ഇരു വിഭാഗങ്ങളും തമ്മിലെ അന്തരം രാജ്യത്ത് വർദ്ധിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
മെയ്ഡ് ഇൻ ഇന്ത്യ എന്ന് പ്രധാനമന്ത്രി എല്ലായിടത്തും പറയുന്നു. എന്നാൽ അത് ഇനി സാദ്ധ്യമല്ലെന്ന് രാഹുൽ പറഞ്ഞു. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാതെ മെയ്ഡ് ഇൻ ഇന്ത്യ സാദ്ധ്യമല്ല. ഇവരിലൂടെയെ തൊഴിൽ സൃഷ്‌ടിക്കാനാകൂ. മെയ്‌ഡ് ഇൻ ഇന്ത്യ എന്നും സ്‌റ്റാർടപ്പ് ഇന്ത്യ എന്നും പറയുകയും തൊഴിലില്ലായ്‌മ രാജ്യത്ത് വർദ്ധിക്കുകയും ചെയ്യുന്നതായി രാഹുൽ പരിഹസിച്ചു.
രാജ്യത്ത് കോൺഗ്രസ് 1947ൽ തകർത്ത രാജപാരമ്പര്യം ബിജെപി തിരികെ കൊണ്ടുവന്നെന്നും രാഹുൽ പറഞ്ഞു. തമിഴ്‌നാട്ടിലും കേരളത്തിലും ഒരിക്കലും ബിജെപിയ്‌ക്ക് ഭരിക്കാനാവില്ല. നെഹ്രുവിന്റെ ജയിൽവാസത്തെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തെയും സൂചിപ്പിച്ച രാഹുൽ, പ്രധാനമന്ത്രി കളിക്കുന്നത് അപകടം നിറഞ്ഞ കളിയാണെന്ന് ഓർമ്മിപ്പിച്ചു.
രാജ്യത്തെ 23 കോടി ജനങ്ങളെ കേന്ദ്രം തിരികെ പട്ടിണിയിലേക്ക് തളളിയിട്ടതായും അദാനിയ്‌ക്ക് ഒരു മേഖലയും അംബാനിയ്‌ക്ക് മറ്റൊരു മേഖലയും കേന്ദ്രം നൽകിയതായും രാഹുൽ വിമർശിച്ചു. അതിലൂടെ ചെറുകിട ഇടത്തരം കച്ചവടക്കാരെല്ലാം തകർന്നതായും വരുമാനം ഇവർ ഇരുവർക്കും വർദ്ധിച്ചതായും രാഹുൽഗാന്ധി പറഞ്ഞു. ചൈനയും പാകിസ്ഥാനും ഇന്ത്യയ്‌ക്കെതിരെ ഒന്നിച്ചുവന്ന സാഹചര്യം വിലകുറച്ച് കാണരുതെന്നും രാഹുൽ ലോക്‌സഭയിൽ ഓർമ്മിപ്പിച്ചു.
Discussion about this post