ഖത്തർ ലോകകപ്പ് അടുത്ത മാസമാണ് ആരംഭിക്കുന്നത്. കേരളത്തിൽ നിന്നടക്കം പലരും ലോകകപ്പ് കാണാൻ ടിക്കറ്റെടുത്തുകഴിഞ്ഞു. ലോകകപ്പ് കാണുന്നതിനായി ഖത്തറിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇസ്ലാമിക രാജ്യമാണെങ്കിലും മദ്യനയം അടക്കമുള്ളതിൽ ഇളവുണ്ട്. എങ്കിലും ചില നിബന്ധനകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവായിരിക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 48 മണിക്കൂർ മുൻപ് ചെയ്ത നെഗറ്റീവ് ആർടിപിസിആർ ടെസ്റ്റ് റിപ്പോർട്ട് നൽകിയാലേ ഖത്തറിൽ പ്രവേശിപ്പിക്കൂ. 6 വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഈ നിയമം ബാധകമല്ല. ഖത്തറിലെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ മാസ്ക് നിർബന്ധമാണ്.
21 വയസിനു മുകളിലുള്ളവർക്ക് മദ്യപിക്കാൻ അനുവാദമുണ്ട്. ലൈസൻസ് ഉള്ള ബാറുകളിൽ നിന്നും റെസ്റ്ററൻ്റുകളിൽ നിന്നും ആരാധകർക്ക് മദ്യം വാങ്ങാം. എന്നാൽ, പൊതുസ്ഥലത്ത് മദ്യപിക്കാൻ അനുവാദമില്ല. വൈകിട്ട് 6.30നു ശേഷം സ്റ്റേഡിയങ്ങളിലെ ഫാൻ സോണുകളിൽ നിന്ന് ബിയർ ലഭിക്കും. കോർപ്പറേറ്റ് പാക്കേജ് എടുക്കുന്നവർക്ക് ബിയർ, വൈൻ അടക്കമുള്ള മദ്യങ്ങൾ സ്റ്റേഡിയത്തിനുള്ളിൽ ലഭിക്കും.
ചുമലുകൾ മറയ്ക്കുന്ന തരത്തിൽ ‘മാന്യമായ’ വസ്ത്രം ധരിച്ചാവണം ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടത്. സ്ലീവ്‌ലസുകളും ഷോർട്ട്സുകളും ധരിക്കാൻ പാടില്ല. ഖത്തർ ടൂറിസം അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്ന തരത്തിലല്ലാതെ വസ്ത്രം ധരിക്കുന്നവർക്ക് ചില പൊതു ഇടങ്ങളിൽ പ്രവേശനം അനുവദിക്കില്ല. പുകവലി അനുവദനീയമാണെങ്കിലും സ്റ്റേഡിയങ്ങൾ അടക്കം പൊതു സ്ഥലങ്ങളിൽ പാടില്ല. ലംഘിക്കുന്നവരിൽ നിന്ന് പിഴയൊടുക്കും. 2014 മുതൽ ഇ-സിഗരറ്റുകൾ കച്ചവടം ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും ഉപയോഗിക്കുന്നതും രാജ്യത്ത് നിരോധിച്ചതാണ്.
രാജ്യത്ത് എത്തുന്ന ആരാധകർനിർബന്ധമായും ആരോഗ്യ ഇൻഷുറൻസ് എടുക്കണം. 13 ഡോളർ ആണ് ഇൻഷുറൻസ് തുക. നവംബർ ഒന്നിനു ശേഷം രാജ്യത്ത് എത്തുന്നവർ ഹയ്യ കാർഡിന് അപേക്ഷിക്കണം. കാർഡ് ഉപയോഗിച്ച് മെട്രോ, ബസ് അടക്കം പൊതു ഗതാഗത സംവിധാനങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം.നവംബർ 20നാണ് ലോകകപ്പ് ആരംഭിക്കുക. ഡിസംബർ 18ന് ഫുട്ബോൾ മേല സമാപിക്കും. ഖത്തറിലെ 5 നഗരങ്ങളിൽ, 8 വേദികളിലായി 32 ടീമുകളാണ് ലോക കിരീടത്തിനായി പരസ്പരം പോരടിക്കുക.
Discussion about this post