തിക്കോടി: കാൽനൂറ്റാണ്ട് തരിശായി കിടന്ന പുറക്കാട് നടയകം പാടശേഖരത്തിൽ ഞാറ്റു പാട്ടിൻ്റെ ഈണം മുഴങ്ങി. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയുടെ ഭാഗമായാണ് തിക്കോടി ഗ്രാമപഞ്ചായത്തും, പുറക്കാട് നടയകം പാടശേഖര സമിതിയും കേരള സംസ്ഥാന കൃഷി വകുപ്പുമായി ചേർന്ന് തിക്കോടി പഞ്ചായത്തിലെ പുറക്കാട് നടയകം വയലുകളിൽ രണ്ടര പതിറ്റാണ്ടിന് ശേഷം കൃഷിയിറക്കിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഞാറുനട്ട് ഉദ്ഘാടനം ചെയ്തു.
തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ദുൽഖിഫർ, മേലടി ബ്ലോക്ക് വികസനകാര്യ സമിതി ചെയർമാൻ സുരേഷ് ചങ്ങാടത്ത് , തിക്കോടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രനില സത്യൻ, കെ പി ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് അംഗം കൊടലൂർ രാജീവൻ, തിക്കോടി പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് തിക്കോടി, കുയ്യണ്ടി രാമചന്ദ്രൻ, വി കെ അബ്ദുൽ മജീദ്, ദിബിഷ, അനിത, എം കെ പ്രേമൻ,ആസൂത്രണസമിതി ഉപാധ്യക്ഷൻ ബിജു കളത്തിൽ, എം കെ വാസു മാസ്റ്റർ, കെ കെ ശ്രീധരൻ, കൃഷി ഓഫീസർ ഡോണ, ശ്രീജിത്ത് ബിജു എന്നിവർ പ്രസംഗിച്ചു.
ഉള്ളിയേരി കന്നൂരിലാണ് തിക്കോടിനടയകം പാടത്തേക്ക് ആവശ്യമായ ഞാറ്റടി തയ്യാറാക്കിയത്. കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ നൂതന യന്ത്രങ്ങളും, പരിശീലനം സിദ്ധിച്ച കർമ്മ സേനയും മേൽനോട്ടത്തിന് ഒരു എഞ്ചിനിയരുടെ സേവനവും ഇവിടെയുണ്ട്. നിലമൊരുക്കലിനും വരമ്പുകൾ നിർമിക്കാനും തിക്കോടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് നേതൃത്വം നൽകിയത്. വരും വർഷമാകുമ്പോഴേക്കും നടയകം വയലുകൾ പൂർണമായും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് പാടശേഖരസമിതിയും, തിക്കോടി പഞ്ചായത്തും. മിഷൻ സ്റ്റാഫിനെയും കൃഷി ഭൂമി വീണ്ടെടുക്കാനാവശ്യമായ യന്ത്രങ്ങളും തൽക്കാലം ഇവിടെ തന്നെ നിലനിർത്താനാണ് മിഷന്റെ തീരുമാനം.
Discussion about this post