കൊച്ചി: തിരുവനന്തപുരം പൂന്തുറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയെ കൊച്ചിയിൽ നിന്ന് കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി തുത്തൂർ ഇരവിപുത്തൻതുറയിൽ വീട്ടിൽ ജെ ജെഫ്രിൻ (19) അണ് പിടിയിലായത്. മത്സ്യബന്ധന ബോട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ജെഫ്രിൻ കൊച്ചിയിലെ ഒരു മത്സ്യബന്ധനബോട്ടിലുള്ളതായി പൂന്തുറ പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊച്ചി കോസ്റ്റൽ പൊലീസ് ബോട്ടുകൾ നിരീക്ഷിച്ച് പ്രതി ഒളിവിൽ കഴിയുന്നത് തോപ്പുംപടിയിലെ മാതാ ബോട്ടിലാണെന്ന് കണ്ടെത്തി. ഇക്കാര്യം പൂന്തുറ പൊലീസിനെ അറിയിക്കുകയും എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിൽ എത്തുകയുമായിരുന്നു.
കഴിഞ്ഞ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മരക്കടവ് ഭാഗത്തു നിന്ന് ഇയാളെ പിടികൂടി പൂന്തുറ പൊലീസിന് കൈമാറി. പ്രതിയെ പൊലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കോസ്റ്റൽ എസ് ഐ സംഗീത് ജോബിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
Discussion about this post