കണ്ണൂർ: പുന്നോലിൽ കൊല്ലപ്പെട്ട സി പി എം പ്രവർത്തകൻ കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്റെ(54) സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ നടക്കും. മൃതദേഹം വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷമാണ് സംസ്കാരമുണ്ടാവുക.
കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്തുകളിൽ ഇന്ന് ഹർത്താലാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസ് കൊല്ലപ്പെട്ടത്. ബന്ധുക്കളുടെ കൺമുന്നിൽവച്ചായിരുന്നു ആക്രമണം.
കൊലയാളികളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ബി ജെ പിയാണെന്നാണ് സി പി എമ്മിന്റെ ആരോപണം. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍ എസ് എസിന്‍റെ ഗൂഢനീക്കമാണിതെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു.
കൊലപാതകം നടന്നിരിക്കുന്നത് സി പി എം പതാകദിനത്തിലാണ്. ഈ ദിനത്തില്‍ തന്നെ കൊല നടത്തിയത് യാദൃശ്ചികമല്ലെന്നും, ആര്‍ എസ് എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. എന്നാൽ ബി ജെ പി ആരോപണം നിഷേധിച്ചിട്ടുണ്ട്.
Discussion about this post