കോട്ടയം: ഉമ്മൻ ചാണ്ടിയുടെ തട്ടകത്തിൽ യോഗം ചേർന്ന് എ ഗ്രൂപ്പ്. കോൺഗ്രസ് പുനസംഘടനാ പട്ടിക വരാനിരിക്കെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ എ ഗ്രൂപ്പിന്റെ രഹസ്യയോഗം. ഉമ്മൻചാണ്ടിയുടെ വിശ്വസ്തന്റെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച ഉച്ചയോടെ രഹസ്യയോഗം. ഇതറിഞ്ഞ് മാധ്യമ പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകർ ചേർന്ന് തടഞ്ഞു. ഇതിനിടെ മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസിന്റെ പുനസംഘടന അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമായ സമയം കോട്ടയത്തെ പുതുപ്പള്ളിയിലുള്ള ഉമ്മൻചാണ്ടിയുടെ വീട്ടിലാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രഹസ്യ യോഗം ചേർന്നതെന്നത് പ്രാധാന്യമർഹിക്കുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ നിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു യോഗം. വിവരമറിഞ്ഞ മാധ്യമ പ്രവർത്തകർ യോഗം നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും തടയുകയും ചെയ്തു. ഇതോടെ മാധ്യമങ്ങൾ തിരികെ മടങ്ങുകയായിരുന്നു.
കോട്ടയത്തടക്കം എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യം ലഭിക്കില്ലെന്ന ആരോപണം ഗ്രൂപ്പിലെ ഒരു വിഭാഗത്തിനുണ്ട്. ജില്ലയിലെ പുനസംഘടനയിൽ പുതുപ്പള്ളിയിൽ നിന്നടക്കം എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റി സമർപ്പിച്ച പുനസംഘടനാ പട്ടികയിലും എഗ്രൂപ്പുകാരെയും പുതുപ്പള്ളിയിൽ നിന്നുള്ളവരെയും പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതിന്റെ ഭാഗമായി തുടർനടപടികൾ ആലോചിക്കുന്നതിനായാണ് രഹസ്യ യോഗം ചേർന്നതെന്നാണ് സൂചന.
Discussion about this post