പയ്യോളി: പ്രഖ്യാപിക്കപ്പെട്ട കുടിവെള്ള പദ്ധതി എത്രയും വേഗം പ്രവൃത്തി ഉദ്ഘാടന ഘട്ടത്തിലേക്കെത്തിക്കണം എന്നാവശ്യപ്പെട്ട് പയ്യോളിയിലെ പുൽക്കൊടിക്കൂട്ടം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട പ്രക്ഷോഭത്തിനൊരുങ്ങുന്നു. രണ്ടാം തുടക്കത്തിന്റെ ഭാഗമായി മാർച്ച് 10 ന് വ്യാഴാഴ്ച വൈകു. 3.30ന് ജനകീയ പ്രകടനം നടത്തും. പ്രകടനത്തിന് ശേഷം, പയ്യോളിയിലും പരിസരത്തും വ്യാപകമായ മയക്കുമരുന്നിന്റെ ആപൽക്കരമായ വ്യാപാരത്തിനെതിരെ എന്തുവിലകൊടുത്തും പോരാടും എന്ന പ്രതിജ്ഞയെടുക്കും. പരിപാടിയിൽ നഗരസഭാ ചെയർമാൻ ഷഫീക്ക് വടക്കയിൽ, പയ്യോളി പോലീസ് ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു, ഡോ. രാഘേഷ് കുമാർ ഝ എന്നിവർ പങ്കെടുക്കും.
പുൽക്കൊടിക്കൂട്ടം സാംസ്കാരിക വേദിയുടെ നിരന്തരമായ സമരത്തിലൂടെയും അന്നത്തെ എം എൽ എ കെ ദാസൻ്റെ ഇടപെടലിലൂടെയും പയ്യോളി നഗരസഭയിലെ പടിഞ്ഞാറൻ മേഖലയിലെ 17 ഡിവിഷനുകളിലേക്കുള്ള കുടിവെള്ള പദ്ധതി പാസാവുകയായിരുന്നു. പെരുവണ്ണാമൂഴിയിൽ നിന്ന് തുറയൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് നൽകിയതും കഴിച്ച് ബാക്കിവരുന്ന ജലം പയ്യോളിലേക്ക് എന്ന രീതിയിലായിരുന്നു പദ്ധതി അനുവദിക്കപ്പെട്ടിരുന്നത്. ഇതിപ്പോഴും പൂർത്തിയാക്കപ്പെടാതെ കിടക്കുകയാണ്.
അതേ സമയം, ആറുവരിയിലുള്ള ദേശീയപാതാ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ദേശീയപാതയുടെ ജോലി പൂർണതോതിൽ എത്തുന്നതിനു മുമ്പുള്ള ഈ ഘട്ടത്തിൽ തന്നെ പൈപ്പ് ലൈൻ ക്രോസിങ് സാധിക്കുന്നില്ലെങ്കിൽ പിന്നീട് പദ്ധതി തന്നെ മുടങ്ങി പോകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. പയ്യോളിയുടെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധ ജലത്തിനുള്ള യാതൊരു വിധ സ്രോതസ്സും നിലവിലില്ലെന്നതാണ് യാഥാർഥ്യം. പെരുവണ്ണാമൂഴിയിൽനിന്ന് കുടിവെള്ളം ലഭിക്കുന്ന ഈ പദ്ധതി നഷ്ടപ്പെട്ടുപോയാൽ അത് ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കും എന്നുള്ള ബോധ്യമാണ് രണ്ടാം ഘട്ട സമരത്തിന് പുൽക്കൊടിക്കൂട്ടത്തെ പ്രേരിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
Discussion about this post