പയ്യോളി: മയക്കുമരുന്ന് മാഫിയ പിടിമുറുക്കി കൊണ്ടിരിക്കുന്ന പയ്യോളിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ജനകീയ ക്യാമ്പയിനും ആരംഭിക്കുകുന്നതിൻ്റെ ഭാഗമായി പുൽക്കൊടികൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ മയക്കുമരുന്ന് വിരുദ്ധ ഒത്തുചേരലും പ്രതിജ്ഞയുമെടുത്തു. നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
തുടർ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ നിർവഹിച്ചു.എം സമദ് അധ്യക്ഷത വഹിച്ചു. തുടർന്ന് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ സദസ്സ് ഏറ്റുചൊല്ലി.
പയ്യോളി പോലീസ് ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു മാർഗ്ഗദർശക പ്രഭാഷണം നടത്തി.
ഡോ. രാഘേഷ് കുമാർ ഝ ക്ലാസ്സെടുത്തു.
നിഷിത് മരിച്ചാലിൽ, ശ്രീകല ശ്രീനിവാസൻ, ഗീത പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
ടി കെ രാജൻ, പവിത്രൻ ചാലിൽ, ശ്രീനിവാസൻ മരിച്ചാലിൽ, അംബിക ഗിരി വാസൻ, വി.എം സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
ആഴ്ചകൾക്ക് മുമ്പ് പയ്യോളിയിലെ ഒരു ഒരു പ്രമുഖ വ്യാപാരിയെപോലും രാസലഹരിയിൽ ഏറ്റവും മാരകമായ എം ഡി എം എ സഹിതം പിടികൂടുകയുണ്ടായി. വ്യാപകമായി കഴിഞ്ഞിട്ടുള്ള സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ടും ധാരാളമായിട്ടുള്ള ടൂവീലറുകളുടെ ലഭ്യതയും ഉപയോഗപ്പെടുത്തിയും വിപുലമായ വിതരണശൃംഖല പയ്യോളിയുടെ പ്രാന്തപ്രദേശങ്ങളിൽ മയക്ക്മരുന്ന് മാഫിയയുടെതായി പ്രവർത്തിക്കുന്നുണ്ട്.
ഇത്തരം മയക്കുമരുന്ന് സ്പോട്ടുകൾ ദിവസങ്ങൾകൊണ്ട് മാറുന്നതിനാൽ ഇവയെ ഉന്നം വെക്കാൻ പൊലീസ് എക്സൈസ് ഡിപ്പാർട്ട്മെന്റുകൾക്ക് കഴിയാതെയും പോകുന്നു.
ഇങ്ങനെയൊരു സാഹചര്യത്തിൽ ഉൾപ്രദേശങ്ങളിൽ സ്ത്രീകളെ അണിനിരത്തിയുള്ള മയക്കുമരുന്ന് വിരുദ്ധ ആസ്ഥാനങ്ങൾ സ്ഥാപിച്ച് ലഹരി മാഫിയയ്ക്കെതിരെ സംഘടനയുടെ നേതൃത്വത്തിൽ പ്രതിരോധം തീർക്കും. ഇങ്ങനെയുള്ള ആസ്ഥാനങ്ങൾ ഉപയോഗിച്ച് കുടുംബങ്ങളിൽ മയക്കുമരുന്ന് വിരുദ്ധ ജാഗ്രത രൂപപ്പെടുത്താനും ശ്രമിക്കും.
Discussion about this post