പയ്യോളി: വർഷങ്ങൾ നീണ്ടുനിന്ന ജല സമരത്തിന്റെ ഒടുവിൽ പ്രഖ്യാപിക്കപ്പെട്ട പയ്യോളി നഗര സഭയിലെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി, വർഷങ്ങൾ കഴിഞ്ഞിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് പുൽക്കൊടികൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെ അണിനിരന്ന ജനകീയ പ്രകടനം പയ്യോളി ടൗണിൽ നടന്നു. പദ്ധതി ഇനിയും താമസിക്കുകയാണെങ്കിൽ, വരാനിരിക്കുന്ന സമരത്തിന്റ വിളംബരമെന്നോണമുള്ള പ്രകടനം കുടിവെള്ളത്തിന് പ്രയാസമനുഭവിക്കുന്ന ഒരു ജനതയുടെ, അക്ഷരാർഥത്തിൽ അധികാരികൾക്കുള്ള താക്കീതായി മാറി.
പ്രകടനത്തിന് എം സമദ്, നിഷിത് മരച്ചാലിൽ, ശ്രീകല ശ്രീനിവാസൻ, ഗീത പ്രകാശൻ, അംബിക ഗിരിവാസൻ, ചാലിൽ പവിത്രൻ, ടി കെ രാജൻ, വി എം സുരേഷ്, മരച്ചാലിൽ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
പെരുവണ്ണാമൂഴിയിൽ നിന്ന് തുറയൂരിൽ എത്തുന്ന കുടിവെള്ളം ദേശീയപാതയും റെയിലും ക്രോസ് ചെയ്ത് ടെക്നിക്കൽ ഹൈസ്കൂളിൽ നിർമ്മിക്കുന്ന വലിയ സംഭരണിയിൽ എത്തിച്ച് 17 ഡിവിഷനുകളിലേക്ക് വിതരണം ചെയ്യുന്നതാണ് നിർദ്ദിഷ്ട പ്രഖ്യാപിത കുടിവെള്ള പദ്ധതി.
പദ്ധതിയുടെ സാങ്കേതികമായ നടപടിക്രമങ്ങൾ ഏറെ മുന്നോട്ടു പോവുകയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഒരു കരാറുകാരനെ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ നിരക്ക് പോര എന്നൊരു അസമയത്തുള്ള തർക്കം ഉയർത്തി ഈ കരാറുകാരൻ എഗ്രിമെൻറ് വെക്കാൻ തയ്യാറാകുന്നില്ല.ഈ നിലയിൽ കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കാതെ വന്നാൽ പുതിയ ടെൻഡറിലേക്കും അതുവഴി ദീർഘമായ കാലതാമസത്തിലേക്കും പദ്ധതി ചെന്നുപെടുമൊ എന്നാണ് പടിഞ്ഞാറൻ മേഖലയിലെ മഞ്ഞ വെള്ളത്തിന്റെ ഇരകളായ ജനങ്ങൾ ആശങ്കപ്പെടുന്നത്.
പുതിയ ആറുവരി ദേശീയപാതയുടെ നിർമ്മാണം എറെ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ വാട്ടർ ലൈനിന്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള ക്രോസിംഗ് എന്നന്നേക്കുമായി തടസ്സപ്പെട്ടേക്കുമൊ എന്ന ഭയവും ജനങ്ങളെ അസ്വസ്ഥപ്പെടുത്തുന്നു. പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലത്തിന് കാര്യമായ മറ്റൊരു സ്രോതസ്സ് ഇല്ലാത്ത സ്ഥിതിക്ക് എത്രയും വേഗം പ്രഖ്യാപിക്കപ്പെട്ട നിലവിലെ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിക്കണമെന്നാണ് മഞ്ഞ വെള്ളദുരിതക്കാരുടെ ശക്തമായ ആവശ്യം.
ക്യാമറ: സുരേന്ദ്രൻ പയ്യോളി
അധികാരികൾക്ക് താക്കീതായി മഞ്ഞ വെള്ള ദുരിതക്കാരുടെ ജനകീയ പ്രതിഷേധ പ്രകടനം വീഡിയോ കാണാം….
Discussion about this post