

പയ്യോളി: ഒടുവിൽ പയ്യോളിക്കാരുടെ ആവശ്യത്തിന് പച്ച സിഗ്നൽ. നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പയ്യോളിയിൽ എലിവേറ്റഡ് ഹൈവേയും അയനിക്കാടും പെരുമാൾപുരത്തും അടിപ്പാതയും അനുവദിച്ചതായി എം പി ഡോ. പി ടി ഉഷ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് അംഗീകാരമായത്. ഉയരപ്പാത സംബന്ധിച്ച് ബി ജെ പി പയ്യോളി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് എ കെ ബൈജുവിൻ്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിയുമായി ചർച്ചയ്ക്ക് സമയം നേരത്തേ ആവശ്യപ്പെടുകയും അനുവദിക്കുകയും ചെയ്തിരുന്നു.

ഇത് നേരത്തേ പയ്യോളി വാർത്തകളോട് എം പി പി ടി ഉഷ പറഞ്ഞിരുന്നു. തുടർന്ന് നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖിൻ്റെ നേതൃത്വത്തിൽ പൗരസമിതിയും കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.

പെരുമാൾപുരത്തും അയനിക്കാട് പോസ്റ്റ് ഓഫീസ് പരിസരത്തും അടിപ്പാതയ്ക്കായി അതത് പ്രദേശങ്ങളിൽ രൂപീകരിക്കപ്പെട്ട കർമസമിതികളുടെ നേതൃത്വത്തിലും നിവേദനം നൽകിയിരുന്നു.
ദേശീയപാത സ്കെച്ച് റൂട്ട് പ്രസിദ്ധീകരിച്ച സമയത്ത് പയ്യോളി നഗരസഭ കൗൺസിൽ യോഗം ചേർന്ന് പ്രമേയം പാസാക്കി അധികൃതർക്കും ദേശീയ പാതാ അതോറിറ്റിക്കും സമർപ്പിച്ചിരുന്നുവെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.
ഈയൊരു സാഹചര്യത്തിലാണ് ഒളിമ്പ്യൻ ഡോ. പി ടി ഉഷ എം പിയാവുന്നതും പ്രശ്നം ഏറ്റെടുക്കുന്നതും.


Discussion about this post