പയ്യോളി: നാടകം എന്ന വാക്ക് അസംബന്ധമാണെന്നും അശ്ലീല പദപ്രയോഗമാണെന്നും വിലയിരുത്തി ജനാധിപത്യ വിരുദ്ധ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ കമ്മറ്റി സംഘടിപ്പിച്ച നാടക കലാകാരന്മാരുടെ കൂട്ടായ്മ ശക്തമായി പ്രതിഷേധിച്ചു.

പ്രതിഷേധ കൂട്ടായ്മ നാടകകൃത്തും, സാഹിത്യകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ഉൽഘാടനം ചെയ്തു. വി പി ടി രാമചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
മേലടി മുഹമ്മദ്, പ്രേമൻ മുചുകുന്ന്, മഹമൂദ് മൂടാടി പ്രസംഗിച്ചു. ഭാവി പ്രവർത്തനം ജയൻ മൂരാട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി മുദ്ര ചന്ദ്രൻ സ്വാഗതവും അഷറഫ് പുഴക്കര നന്ദിയും പറഞ്ഞു.

നാടകം പ്രതിരോധ രാഷ്ട്രീയ പ്രവർത്തനമാണെന്നും, നാക്കുകൾ വിലങ്ങിട്ടാലും വാക്കുകൾ വിലക്കിയാലും ഞങ്ങൾ നാടകം കളിച്ചു കൊണ്ടേയിരിക്കുമെന്നും കണ്ണുകൾ മൂടി കെട്ടിയാലും പറയരുതെന്ന് തിട്ടൂരം ഇറക്കിയാലും നാടിന്റെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ നാടകത്തിലൂടെവിളിച്ചു പറയുക തന്നെ ചെയ്യുമെന്നും യോഗം പ്രഖ്യാപിച്ചു.

ഇതിന് കാരണം നാടകം ഉഴുതു മറിച്ച മണ്ണിലാണ് കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾ സാധ്യമായതെന്നതാണെന്നും നമ്പൂതിരിയെ മനുഷ്യനാക്കാനും, മണ്ണിൽ കാലുറപ്പിച്ച് നിർത്തി ഇത് ഭൂമിയാണ് എന്ന് പറയാനും അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കൈപിടിച്ച് നടത്താനും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് ഊറ്റം കൊള്ളാനും നാടകമേയുണ്ടായിരുന്നുള്ളൂവെന്നും കൂട്ടായ്മയുടെ പ്രസ്താവനയിൽ പറയുന്നു.




































Discussion about this post