കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ തട്ടകമായ കണ്ണൂരിലും പ്രതിഷേധം. മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ കരിങ്കൊടിയുമായി ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതേ തുടര്‍ന്ന് ജലപീരങ്കി പ്രയോഗിക്കുകയും പ്രതിഷേധക്കാരെ ബലമായി അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്നിവരടക്കമുള്ള പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം പിണറായി വിജയന്റെ കണ്ണൂരിലെ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിനോ കറുത്തനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതിനോ വിലക്കില്ല. എന്നാല്‍ കരിങ്കൊടി പ്രതിഷേധം തടയുന്നതിനായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി 10.30ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. പൊതുപരിപാടിയെ തുടര്‍ന്ന് തളിപ്പറമ്പ് മന്ന മുതല്‍ പൊക്കുണ്ട് വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് പിണറായി വിജയന്‍ കണ്ണൂരിലെത്തിയത്. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി പൊലീസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കണ്ണൂരിലെ സ്വന്തം വീട്ടില്‍ താമസിക്കാതെ ഗസ്റ്റ് ഹൗസിലാണ് കഴിഞ്ഞത്.
കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിയുടെ യാത്രക്കിടയില്‍ കരിങ്കൊടി പ്രതിഷേധവുമായി നിരവധി സംഘടനകള്‍ എത്തിയിരുന്നു. മുഖ്യമന്ത്രി എത്തുന്ന സ്ഥലങ്ങളില്‍ കനത്ത പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുള്ള ജില്ലയില്‍ പൊലീസ് മേധാവികള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തും. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള സ്ഥിരം സുരക്ഷാഗാര്‍ഡുകള്‍ക്ക് പുറമേ അധികമായി കമാന്‍ഡോകളെയും നിയോഗിച്ചിട്ടുണ്ട്.
Discussion about this post