ന്യൂഡല്ഹി: പോപ്പുലർ ഫ്രണ്ട് നിരോധനം കേരളത്തിന് നിർണ്ണായകം. പോപ്പുലർ ഫ്രണ്ട് ന്റെ പ്രധാന കേന്ദ്രമാണ് കേരളം. പ്രധാന നേതാക്കൾ എല്ലാം കേരളത്തിലാണ്. പ്രാദേശിക യൂണിറ്റുകൾ കൂടുതലുള്ളതും കേരളത്തിൽ.
പോപ്പുലർ ഫ്രണ്ട് പ്രതികളായ കൊലപാതകം കൂടുതലുള്ളതും കേരളത്തിൽ തന്നെയാണ്. അക്രമ കേസുകളും കേരളത്തിലാണ് കൂടുതൽ. മാത്രമല്ല പിഎഫ്ഐ യുടെ ആദ്യ സംഘടന എൻ ഡി എഫ് തുടങ്ങിയതും കേരളത്തിലാണ്. സംസ്ഥാന ഇന്റലിജിൻസ് മേധാവി വിശദമായ റിപ്പോർട്ട് നേരത്തെ കൈമാറിയിട്ടുണ്ട്. നിരോധനം നടപ്പാക്കാൻ കേരള പൊലീസ് പ്ലാൻ തയ്യാറാക്കി കഴിഞ്ഞു.
കേന്ദ്ര ഉത്തരവ് ലഭിച്ചാൽ നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചു. പി.എഫ് ഐ യുടെ പ്രധാന ഓഫീസുകൾ സീൽ ചെയ്യും. പ്രശ്നസാധ്യതയുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കും. റെയ്ഡുകൾ തുടരും. സംസ്ഥാനത്ത് പൊലീസിൻ്റെ പ്രത്യേക ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്പുകളിലെ പൊലീസുകാരെ സജ്ജമാക്കി നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യാൻ കേന്ദ്രസർക്കാർ നിർദേശം നൽകി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. പോപ്പുലർ ഫ്രണ്ട് ആരോപണ വിധേയരായ കേസുകളിൽ ശക്തമായ നടപടിക്കും നിർദേശം നൽകി. ഒളിവിൽ ഉള്ളവരോ പിടികിട്ടാൻ ഉള്ളവരോ ആയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വിശദമായ വിവരങ്ങളും സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം തേടി.ഇങ്ങനെ ഉള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
അഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങൾക്കിടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലർ ഫ്രണ്ട് അറിയപ്പെടുക.
Discussion about this post