പയ്യോളി: ചരക്ക് ലോറിയുടെ കണ്ണാടിയിടിച്ചു തകർത്ത് നിർത്താതെ പോയ സ്വകാര്യ ബസിനെ പയ്യോളി സ്റ്റാൻ്റിൽ ബസ്സിന് കുറുകെ ലോറി നിർത്തിയിട്ട് ഡ്രൈവറുടെ പ്രതിഷേധം.
തുടർന്ന്, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏറെ സമയം വാക്തർക്കം. ഒടുവിൽ പോലീസെത്തി ഇരു വാഹനങ്ങളുടെയും ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 യോടെയാണ് സംഭവം.
ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു. ഇരിങ്ങലിൽ ദേശീയ പാത സർവീസ് റോഡിൽ വീതി കുറഞ്ഞയിടത്ത് വെച്ച് കെ എൽ 11 ബി ബി 2372 നമ്പർ ‘ജാനകി റീഗൽ’ ബസ് തെറ്റായ ദിശയിലൂടെ മറികടക്കുന്നതിനിടയിലാണ്, ടി എൻ 99 എക്സ് 0643 ‘ഇമ്മാനുവൽ’ ലോറിയുടെ ഇടത് മുൻഭാഗത്തെ കണ്ണാടി തകർന്നത്.
നിർത്താതെ പോയ ബസിനെ പിന്തുടർന്ന് പയ്യോളി ബസ് സ്റ്റാൻ്റിൽ വെച്ച് ലോറി കുറുകെയിടുകയായിരുന്നു. തുടർന്ന്, തർക്കമായി. വിവരമറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി. ലോറി, ബസ് ജീവനക്കാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ദീർഘദൂര ബസ് യാത്രക്കാർ ടിക്കറ്റ് റീഫണ്ട് ചെയ്ത് യാത്ര അവസാനിപ്പിച്ചു.
Discussion about this post