പൃഥ്വിരാജിന്റെ ലൊക്കേഷനിൽ കൃത്യസമയം പാലിക്കണമെന്ന് നടൻ ബൈജു സന്തോഷ്.ഗുരുവായൂരമ്പലനടയിൽ സിനിമയുടെ വിജയാഘോഷവേളയിലാണ് ഇക്കാര്യം പറഞ്ഞത്. വളരെ സ്നേഹമൊക്കെയുള്ള നടനാണ് പൃഥ്വിരാജ് എന്നും എന്നാൽ ലൊക്കേഷനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ ഒരു നോട്ടം നോക്കമെന്നും ആ സമയത്ത് അദ്ദേഹത്തിന്റെ അച്ഛൻ സുകുമാരനെ ഓർമ വരുമെന്നും ബൈജു സന്തോഷ് പറഞ്ഞു. താൻ കൃത്യസമയത്ത് തന്നെ പൃഥ്വിരാജിന്റെ സെറ്റിലെത്തുമെന്നും നടൻ കൂട്ടിച്ചേർത്തു.
‘ഒരു വേറിട്ട അനുഭവം തന്നെയായിരുന്നു ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്. നമ്മൾ അതിരാവിലെ വരണം. അത് എന്നെ സംബന്ധിച്ച് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാലും ഞാൻ രാവിലെ വരും. ഞാൻ ആദ്യം വിളിച്ചു ചോദിക്കും “രാജു വന്നോ?” അതു കഴിഞ്ഞ് ഞാൻ അവിടെ എത്തിയാൽ മതി.
രാജു സംവിധാനം ചെയ്യുന്ന എമ്പുരാനിൽ ഞാൻ അഭിനയിച്ചു, ഇനിയും കുറച്ചു പരിപാടികൾ ബാക്കിയുണ്ട്. അത് അടുത്ത മാസമൊക്കെ ആകുമ്പോൾ കഴിയുമെന്ന് തോന്നുന്നു. ഞാൻ ഒരുപാട് സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് ആരെയും പ്രത്യേകിച്ച് പേടിയൊന്നും തോന്നിയിട്ടില്ല. പക്ഷെ ഞാൻ കൃത്യസമയത്ത് രാവിലെ ഷൂട്ടിങ്ങിനു പോയിട്ടുള്ളത് രാജു സംവിധാനം ചെയ്ത സിനിമക്ക് വേണ്ടിയാണ്. കാരണം ആള് ഭയങ്കര സ്നേഹമൊക്കെയാണ് പക്ഷേ ഭയങ്കര പ്രെഫഷനൽ ആണ്. നമ്മൾ കൃത്യ സമയത്ത് വന്നില്ലെങ്കിൽ ഒരു നോട്ടമുണ്ട്. ഒരു നോട്ടം മാത്രമേ ഉള്ളൂ. അതു കാണുമ്പോൾ എനിക്ക് സുകുവേട്ടനെ ഓർമ്മ വരും.സുകുവേട്ടന്റെ അതേ നോട്ടമാണ്.
ഒരു ഹിറ്റ് ആകുന്ന സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതാണ് ഒരു നടനെ സംബന്ധിച്ച് ഭാഗ്യം എന്ന് പറയുന്നത്. എല്ലാ ചേരുവകകളും ഒത്തുവരുമ്പോഴാണ് ഒരു സിനിമ വിജയിക്കുന്നത്. എത്ര സിനിമകൾ വരുന്നുണ്ട് അതിൽ വിജയം ആഘോഷിക്കുന്ന സിനിമകൾ വളരെ കുറവാണ്. എന്തായാലും ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്’- ബൈജു സന്തോഷ് പറഞ്ഞു.
ജയ ജയ ജയ ജയഹേക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. മെയ് 16 ന് തിയറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. പൃഥ്വിരാജിനൊപ്പം ബേസിൽ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്, കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Discussion about this post