ലണ്ടൻ: കാർ യാത്രയിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴ ചുമത്തി പൊലീസ്. യാത്രയ്ക്കിടെ വിഡിയോ ചിത്രീകരിക്കുന്നത് പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിക്കാത്തത് മനസിലാകുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ലൻകാഷെയറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
ലൻകാഷെയറിൽ യാത്രക്കാരൻ കാറിൽ സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് ലണ്ടനിൽ നിന്നുള്ള 42 കാരനായ ഒരു വ്യക്തിക്ക് നിശ്ചിത പിഴ ഈടാക്കിയെന്ന് ലൻകാഷെയർ പൊലീസ് ട്വിറ്ററിൽ അറിയിച്ചു
സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനായാണ് അദ്ദേഹം സീറ്റ് ബെൽറ്റ് അഴിച്ചുമാറ്റിയത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ പ്രധാനമന്ത്രിക്കെതിരെ വൻ വിമർശനമാണ് ഉയർന്നത്.
തുടർന്ന് സംഭവത്തിൽ പ്രധാനമന്ത്രി റിഷി സുനക് തന്നെ ക്ഷമാപണം നടത്തിയിരുന്നു. തന്റെ സീറ്റ് ബെൽറ്റ് കുറച്ച് സമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നും തനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നതായും സുക്കിന്റെ വക്താവ് ഇന്നലെ അറിയിച്ചിരുന്നു. എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്നും വക്താവ് അറിയിച്ചിരുന്നു.
യുകെയിൽ കാറിലിരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 100 പൗണ്ടാണ് പിഴ. കേസ് കോടതിയിൽ പോയാൽ 500 പൗണ്ടായി വർധിക്കും. വീഡിയോ പുറത്ത് വന്നതോടെ വൻ വിമർശനമാണ് പ്രധാനമന്ത്രിക്കെതിരേ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്.
രാജ്യത്തുടനീളമുള്ള 100-ലധികം പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നതിനുള്ള സർക്കാറിന്റെ പുതിയ ലെവലിംഗ് അപ്പ് ഫണ്ടിനെ കുറിച്ചുള്ള വീഡിയോ ചിത്രീകരണത്തിനിടെയാണ് പ്രതിഷേധത്തിനർഹമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ കാറിനെ പൊലീസ് ഉദ്യോഗസ്ഥർ മോട്ടോർ ബൈക്കുകളിൽ അകമ്പടി സേവിക്കുന്നതും വീഡിയോയിലുണ്ട്.
കഴിഞ്ഞ ദിവസം വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ നോർത്ത് ഹോൾട്ടിൽ നിന്നും ബ്ലാക് പൂളിലേക്ക് റോയൽ എയർഫോഴ്സ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്ത സംഭവവും വിവാദമായിരുന്നു. പ്രധാനമന്ത്രിയുടെ സമയം പരമാവധി പ്രയോജനപ്പെടുത്താനാണ് വിമാനം ഉപയോഗിക്കുന്നതെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെയാണ് സീറ്റ് ബെൽറ്റിടാത്തതിനും വിമർശനം ഉയർന്നത്.
അതേസമയം ഇത് രണ്ടാം തവണയാണ് റിഷി സുനകിന് പിഴ ചുമത്തപ്പെടുന്നത്. 2020 ഏപ്രിലിൽ ഡൗണിംഗ് സ്ട്രീറ്റിൽവച്ച്, അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സുനകിന് പിഴ അടയ്ക്കേണ്ടി വന്നിരുന്നു.
Discussion about this post