
ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്നു നടക്കും. എൻഡിഎ സ്ഥാനാർഥിയായി ദ്രൗപദി മുർമുവും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി യശ്വന്ത് സിൻഹയുമാണ് മത്സരിക്കുന്നത്. പാർലമെന്റിലെ ഒന്നാം നിലയിലുള്ള 63-ാം നന്പർ മുറിയിൽ രാവിലെ പത്തിന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിൽ ഇരു സഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വോട്ടു രേഖപ്പെടുത്തും. പാർലമെന്റ് അംഗങ്ങൾക്ക് പുറമേ എംഎൽഎമാരും സംസ്ഥാന നിയമസഭാ മന്ദിരങ്ങളിൽ വോട്ടെടുപ്പിൽ പങ്കെടുക്കും.

പാർലമെന്റിന്റെ ഇരു സഭകളിലെയും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജിൽ 4,896 അംഗങ്ങളുണ്ട്. ഇതിൽ ലോക്സഭയിൽ നിന്നുള്ള 543 എംപിമാർക്കും 233 രാജ്യസഭാ എംപിമാർക്കും പുറമേ സംസ്ഥാന, കേന്ദ്ര ഭര

ണ പ്രദേശങ്ങളിലെ 4,120 എംഎൽഎമാരും ഉൾപ്പെടുന്നു. ജമ്മു കാഷ്മീരിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ പാർലമെന്റ് അംഗത്തിന്റെ വോട്ടിന്റെ മൂല്യം ഇത്തവണ 708ൽ നിന്ന് 700 ആയി കുറഞ്ഞിട്ടുണ്ട്.

എംഎൽഎമാരുടെ വോട്ടിന് അതത് സ്ംസ്ഥാനങ്ങളുടെ ജനസംഖ്യാനുപാതത്തിലുള്ള പോയിന്റുകളാണ് ലഭിക്കുക. ഇലക്ടറൽ കോളജിൽ 60 ശതമാനത്തിലധികം വോട്ടുകൾ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന് അനുകൂലമാണെന്നാണ് സൂചനകൾ. 21 ന് പാർലമെന്റ് ഹൗസിൽ വോട്ടെണ്ണൽ നടക്കും. അടുത്ത രാഷ്ട്രപതി 25ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി 24നാണ് അവസാനിക്കുന്നത്.






































Discussion about this post