പെരിന്തൽമണ്ണ: പാലക്കാട് അഗളി സ്വദേശിയായ പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ 5 പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശികളായ അലിമോൻ, അൽത്താഫ്, റഫീഖ്, മണികണ്ഠൻ, അനസ് ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ അലിമോനും അൽത്താഫും റഫീഖും കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. മറ്റു രണ്ടുപേർ സഹായികളാണ്.

പ്രധാന പ്രതി കീഴാറ്റൂർ സ്വദേശി യഹിയ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു. കേസിൽ മുഖ്യപ്രതി അറസ്റ്റിലാകുന്നതുവരെ, അവരെ സഹായിക്കുന്ന എല്ലാവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് പ്രവാസിയായ അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടു പോയത്. ഇയാളിൽനിന്ന് ഉദ്ദേശിച്ച സ്വർണം കിട്ടാതിരുന്നതോടെ ക്രൂരമായി മർദിച്ചു. അവശനായ ജലീലിനെ യഹിയ ആശുപത്രിയിലെത്തിച്ചു മുങ്ങുകയായിരുന്നു.

അതേസമയം, സ്വർണം എത്രയുണ്ടെന്നും അബ്ദുൾ ജലീൽ കൊണ്ടുവന്നതാണോയെന്നും അങ്ങനെയെങ്കിൽ ആർക്കു വേണ്ടിയാണെന്നതും സംബന്ധിച്ച് അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post