തമിഴ്നാട് : പവർ കട്ടിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന മധ്യവയസ്ക മരിച്ചതായി ആരോപണം. തമിഴ്നാട്ടിലെ തിരുവാരൂർ സർക്കാർ ആശുപത്രിക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 48 കാരിയാണ് വെന്റിലേറ്ററിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് മരിച്ചതെന്നാണ് റിപ്പോർട്ട്.
രോഗിയായ അമരാവതിയുടെ മരണത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പവർ ബാക്കപ്പ് ഉണ്ടായിരുന്നില്ല. പവർ കട്ടിന് പിന്നാലെ വെന്റിലേറ്ററിന്റെ പ്രവർത്തനം നിലച്ചെന്നും ഇതാണ് അമരാവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ആരോപണങ്ങൾ സർക്കാർ നിഷേധിച്ചു. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ള രോഗിയുടെ ആരോഗ്യനിലയെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു. വൈദ്യുതി മുടക്കം അഞ്ച് മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂവെന്നും വെന്റിലേറ്ററുകളിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ബാറ്ററി ബാക്ക് അപ്പ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രോഗിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കാൻ ആശുപത്രിയും ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അതിനിടെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ വൈദ്യുതി ഇല്ലെങ്കിൽ എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് ഒരാൾ ഡോക്ടർമാരോട് ചോദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. അതിൽ ടോർച്ച് വെളിച്ചത്തിൽ ഒരു ഡോക്ടർ രോഗിക്ക് കുത്തിവയ്പ്പ് നൽകുന്നതും കാണാം.
Discussion about this post