പയ്യോളി പേരാമ്പ്ര പാതയിലൂടെ സഞ്ചരിക്കുമ്പോൾ കീഴൂർ ടൗണിന്റെ ഹൃദയഭാഗത്ത് പടിഞ്ഞാറ് ദർശനമായി കീഴൂർ പൂവടിത്തറ തലയെടുപ്പോടെ ഉയർന്ന നിൽക്കുന്നത് ഏവർക്കും അത്ഭുത കാഴ്ചയാണ്. ഇത് കാണുമ്പോൾ ഏതൊരാളുടെ മനസ്സിലും കീഴൂർ ആറാട്ടും പൂവെടിയും കന്നുകാലി ചന്തയും ഓടിയെത്തും. ജാമതീയ മാതൃകയിൽ 6 തട്ടുകളും 16 പടികളുമായി നിർമ്മിച്ച പൂവെടി തറയ്ക്ക് കീഴൂർ ക്ഷേത്രത്തോളം തന്നെ പഴക്കം അവകാശപ്പെടാൻ ഉണ്ട്. കേരള ഗാന്ധി കേളപ്പന്റെ നേതൃത്വത്തിൽ നടന്ന പല പ്രക്ഷോഭങ്ങൾക്കും ചരിത്രപ്രസിദ്ധമായ പൂവെടിത്തറ സാക്ഷിയാണ്.
കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടതാണ് കീഴൂർ പൂവെടിത്തറ.
ഇത് ആര് നിർമ്മിച്ചു എന്ന എപ്പോൾ നിർമ്മിച്ചു എന്നോ കൃത്യമായ അറിവില്ല.
പൂവെടിത്തറയുടെ ഏറ്റവും മുകളിലത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കുന്ന പീഠത്തിലാണ് കീഴൂർ വാതിൽ കാപ്പ വരുടെ തിടമ്പ് ദർശനത്തിന് വയ്ക്കുക. എഴുന്നള്ളത്തിനൊപ്പം എത്തുന്ന വെളിച്ചപ്പാടും കോവിലേരി പാടുമൊക്കെ ഇവിടെ ഉപവിഷ്ടരാകും. ഇവിടെ ഇരുന്നുകൊണ്ട് കീഴൂർ ഭഗവാൻ ഭക്തജനങ്ങൾക്ക് അനുഗ്രഹ വർഷം ചൊരിയും എന്നാണ് സങ്കല്പം. എഴുന്നള്ളിപ്പ് എത്തിച്ചേർന്നാൽ പിന്നെ മണിക്കൂറുകൾ നീളുന്ന വാദ്യമേളം ഉണ്ടാകും. പാണ്ടിമേളം പഞ്ചവാദ്യം നാദസ്വരം കേളിക്കൈ കൊമ്പ് പറ്റൂ കുഴൽപ്പറ്റ എന്നിവയൊക്കെ അരങ്ങ് തകർക്കും.
ഏറ്റവും ഒടുവിലാണ് വെടിക്കെട്ട് കലയിലെ അത്ഭുതപ്രതിഭാസമായ ‘പൂവെടി ‘. അപ്പോഴേക്കും സമയം പാതിരാവായിട്ടുണ്ടാവും. രാത്രി 12 മണിയോടെ പടുകൂറ്റൻ കവുങ്ങിൽ എട്ടു നിലകളിലായി സജ്ജീകരിച്ച പൂവെടിക്കാൽ ഉയർത്തി നിർത്തുന്നു. കീഴൂർ ടൗണിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിരമായി ഇത് സ്ഥാപിക്കുന്ന സ്ഥലമുണ്ട്. നാലുഭാഗത്തും വണ്ണം കൂടിയ കയർ ഉപയോഗിച്ച് നിരവധി പേരുടെ കഠിനാധ്വാനത്തിനൊടുവിൽ ആണ് പൂവെടിക്കാൽ നിവർത്തുക. ചീന്തിയ മുളങ്കമ്പുകൾ ഉപയോഗിച്ചാണ് ഓരോ ഓരോ നിലയിലേക്കുള്ള തട്ടുകൾ സജ്ജീകരിക്കുക. അമിട്ടുകൾ പകിരി ഗുണ്ടുകൾ നിലാത്തിരികൾ എന്നിവ കരിമരുന്നിൽ മുക്കിയ തിരിയുമായി ബന്ധപ്പെടുത്തി കെട്ടിവെക്കുന്നു. എല്ലാ തട്ടുകളുമായി ബന്ധപ്പെടുത്തി മുകൾ അറ്റം മുതൽ തൂങ്ങിക്കിടക്കുന്ന മറ്റൊരു തിരിയും ഉണ്ടായിരിക്കും. ഈ തിരിയിലാണ് പൂവെടി പൊട്ടിക്കാനുള്ള തീ കൊളുത്തുക.
പൂവെടിക്കാൽ മറിഞ്ഞു വീഴാതിരിക്കാൻ തടിയിൽ തീർത്ത കുറ്റികൾ ഉപയോഗിച്ച് താങ്ങി നിർത്തുന്നു. പൂവെടിക്ക് തിരികൊളുത്തിയാൽ താഴെ തട്ടുമുതൽ ഓരോ തട്ടും പൊട്ടുന്നതോടെ ആകാശത്ത് വർണ്ണ വിസ്മയം തീർക്കുന്നു. മുളങ്കുറ്റികളിൽ നിന്നും അമിട്ടുകളും നിലാ തിരികളും പകിരികളും കത്തുമ്പോൾ ജനം മതിമറന്ന് ആർത്തുവിളിക്കും. ഏറ്റവും മുകളിലെ തട്ടിൽ ഒരുക്കിയ ചക്രത്തിൽ എത്തുമ്പോൾ അത് ശക്തിയോടെ കറങ്ങുകയും നീണ്ട ചൂളം വിളി ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് കാണികളിൽ ഹരം പകരുന്ന കാഴ്ചയാണ്. കീഴൂർ ഉത്സവത്തിന്റെ മാത്രം പ്രത്യേകതകളിൽ ഒന്നാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ അപൂർവ്വ വെടിക്കെട്ട് കല.
Discussion about this post