മട്ടന്നൂര്‍: വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലാണ് സംഭവം.
നായാട്ടുപാറ കരടിയിലൂടെ നടന്നുപോകവെ കെ.രാധയുടെ മൂന്നുപവന്റെ സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസില്‍ വിവരം നല്കിയതിനാല് മട്ടന്നൂര്‍ പോലീസ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഘത്തെ കീഴല്ലൂരില്‍ പിടികൂടിയത്.
രണ്ടംഗസംഘത്തിലെ ഒരാളെ പോലീസ് പിടികൂടിയതോടെ മറ്റൊരാള്‍ കാട്ടിനുള്ളിലേക്ക് പാഞ്ഞുകയറി. ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് പിടികൂടാനായത്. പ്രതിയെ പിടികൂടുന്നതിനിടെയാണ് പോലീസുകാരന് കടിയേറ്റത്. ഉടന്‍ തന്നെ പോലീസുകാരനെ കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിടിയിലായവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
Discussion about this post