

തിക്കോടി: പാലൂരിലെ വാടക വീട്ടിൽ വ്യാഴാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ മയക്ക് മരുന്ന് പിടിച്ചെടുത്തതുമായി ബദ്ധപ്പെട്ട് നാട്ടുകാർക്കിടയിൽ ഉയർന്ന ദുരൂഹത നില നിൽക്കുകയാണ്. പോലീസ് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തതായാണ് ആദ്യം നാട്ടിൽ പ്രചരിച്ചത്.

പിന്നീട് അതിന്റെ നിജസ്ഥിതി അറിയാൻ പൊതു പ്രവർത്തകരും നാട്ടുകാരും നിരവധി തവണ പോലീസിനെ ഫോണിൽ ബദ്ധപ്പെട്ടെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥനും ഫോൺ എടുക്കാൻ തയ്യാറായിട്ടില്ല. ഇത് പൊതുജനങ്ങൾക്കിടയിൽ പല സംശയങ്ങൾക്കും ഇടം നൽകിയിരിക്കുകയാണെന്നും ലഹരി വേട്ടയുമായി ബദ്ധപ്പെട്ട് നില നിൽക്കുന്ന ദുരൂഹത നീക്കാൻ പോലീസ് അധികാരികൾ തയ്യാറകണമെന്നും ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഏതെങ്കിലും 2 കുട്ടികളെ ബലിയാടാക്കി വമ്പൻ റാക്കറ്റുകൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കരുതെന്ന് അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ലഹരി കെണിയൊരുക്കി കുട്ടികളെ വഴിയാധാരമാക്കുന്ന ലഹരി മാഫിയയെ അടിച്ചമർത്തേണ്ട അധികാരികൾ തന്നെ അവരുടെ സംരക്ഷകരായി മാറുന്നത് സമൂഹത്തിന് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലൂരിൽ വെച്ച് ലഹരി വില്പന നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. പിഞ്ചു കുട്ടികളെ വഴിതെറ്റിക്കുന്നവരെയും അവർക്ക് സംരക്ഷണ കവചം ഒരുക്കുന്നവരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരാൻ പോലീസ് അധികാരികൾ തയ്യാറാകണമെന്നും ജില്ലപഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ ആവശ്യപ്പെട്ടു.


Discussion about this post