കോഴിക്കോട്: ആസിഡ് ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് നിരവധി തവണ പൊലീസിൽ പരാതി നൽകിയെന്നും കാര്യക്ഷമമായി ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നുവെങ്കിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും കോഴിക്കോട് ചെറുവണ്ണൂരിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ അമ്മ സ്മിത.
ബാലുശ്ശേരി പൊലീസിനെതിരെയാണ് അമ്മയുടെ ഗുരുതരാരോപണം. എട്ടുതവണ പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല പകരം പ്രശാന്തിനെ ഉപദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തത്. പ്രതി പ്രശാന്ത് ലഹരിക്ക് അടിമയാണ്.
പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാതെ 3 വർഷം മുൻപാണ് പ്രവിഷ വിവാഹമോചനം തേടിയത്. പ്രവിഷയോടും മക്കളോടും പ്രശാന്തിന്റെ തീരാത്ത വൈരാഗ്യമുണ്ടെന്നും 7 വർഷം മുമ്പ് മൂത്ത മകനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചിരുന്നു എന്നാൽ അയൽവാസികൾ തട്ടി മാറ്റിയതിനാൽ അപകടം ഉണ്ടായില്ല.
രണ്ട് ദിവസം മുമ്പും പ്രവിഷയെ ആക്രമിക്കാൻ ബൈക്കിൽ പ്രശാന്ത് പിന്തുടർന്ന് എത്തിയിരുന്നു. പ്രവിഷ ഇയാൾക്കൊപ്പം തിരിച്ച് വരാത്തതാണ് വൈരാഗ്യമുണ്ടാകാനുള്ള പ്രധാന കാരണം. ബന്ധുക്കൾക്കും നാട്ടുകാർക്കും മകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാൾ അയച്ചുകൊടുത്തിരുന്നുവെന്നും യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലുമെന്ന് നിരവധി തവണ പ്രശാന്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്ലാസ്കിൽ ആസിഡ് നിറച്ചാണ് പ്രശാന്ത് എത്തിയത്. ഇന്നലെ പ്രശാന്ത് മകൾ ചികിത്സയിൽ കഴിയുന്ന ആയുർവേദ ആശുപത്രിയിൽ എത്തിയത് ആസിഡ് ഫ്ലാസ്കിൽ നിറച്ചായിരുന്നു. സംസാരിക്കുന്നതിനിടെ ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നു.
Discussion about this post