കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വര്‍ണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ കണ്ണൂര്‍ ഇരിട്ടി പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു. ഉളിക്കല്‍ കേയാപറമ്പിലെ സെബാസ്‌ററ്യന്‍ ഷാജി (27) ആണ് അറസ്റ്റിലായത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്‍റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാള്‍ പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയോടെ വള്ളിത്തോട്ടിലെ ആളൊഴിഞ്ഞ വഴിയായ കല്ലന്തോട് 32-ാം മൈലില്‍ റോഡിലെ ഫിലോമിനയുടെ വീട്ടിന് മുന്നില്‍ വച്ചായിരുന്നു സംഭവം. റോഡിലുണ്ടായിരുന്ന ഫിലോമിനയോട് കാറില്‍ എത്തിയ സെബാസ്‌ററ്യന്‍ ഷാജി ഒരു മേല്‍വിലാസം ചോദിക്കുകയായിരുന്നു.
ഇരുവരും സംസാരിച്ചതിനുശേഷം ഷാജി തിരിച്ചു പോകുന്നതിനിടയില്‍ പെട്ടെന്ന് ഫിലോമിനയുടെ കഴുത്തിലെ മാല പിടിച്ചു പറിക്കുകയായിരുന്നു.കാര്‍ഗിലില്‍ ജോലിചെയ്യുന്ന സെബാസ്റ്റ്യന്‍ ഷാജി 40 ദിവസത്തെ അവധിയിലെത്തി മാടത്തിലെ ലോഡ്ജില്‍ ഒരു യുവതിക്കൊപ്പം താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പയ്യാവൂരില്‍ കഴിഞ്ഞ 10-ന് വീട്ടില്‍ കയറി വയോധികയുടെ മാല പൊട്ടിച്ചതും താനാണെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണക്കുരിശ് പ്രതിയില്‍നിന്ന് കണ്ടെടുത്തു.
Discussion about this post