കൊയിലാണ്ടി: കടയില്‍ സാധനം വാങ്ങാനെത്തിയ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ചു. നന്തി കടലൂര്‍ സ്വദേശിയായ മഠത്തിൽ ബഷീറിനാണ് (61) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. ആറു വര്‍ഷം കഠിന തടവും മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ പിഴയും പ്രതി ശിക്ഷയായി അനുഭവിക്കണം.
2019 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. ബഷീര്‍ നടത്തുന്ന കടയില്‍ സാധനം വാങ്ങാന്‍ ചെന്ന ബാലികയെ കടയുടെ അകത്തു വിളിച്ചു പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. വീട്ടില്‍ എത്തിയ ബാലിക വിവരം അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാര്‍ കൊയിലാണ്ടി പോലീസില്‍ പരാതി നൽകി.
കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ടി പി അനില്‍ പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്. കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ കെ കെ രാജേഷ്കുമാര്‍ ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.
Discussion about this post