കൊയിലാണ്ടി: എട്ടു വയസ്സുകാരിയായ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിന തടവും എൺപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചു. കക്കോടി സ്വദേശി ആയിഷ മൻസിലിൽ റിൽഷാദുൽ എന്ന കുട്ടിമോന് (38) പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, ഇന്ത്യൻ ശിക്ഷ നിയമപ്രകാരവുമാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷ വിധിച്ചത്.

ശിക്ഷ ഒരുമിച്ചു ആറു വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതി. പിഴ സംഖ്യ അടച്ചില്ലെങ്കിൽ മൂന്നു വർഷം കൂടെ തടവ് ശിക്ഷ അനുഭവിക്കണം.

2018 ൽ ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ബാലികയെ ഓട്ടോയിൽ സ്‌കൂളിൽ കൊണ്ടുവിടുമായിരുന്ന പ്രതി മറ്റു കുട്ടികളെ ഇറക്കിയ ശേഷം ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് വീട്ടിൽ എത്തിയ ബാലിക വീട്ടുകാരോട് അതിക്രമത്തെ കുറിച്ച് പറയുകയും പരാതി നൽകുകയുമായിരുന്നു. എലത്തൂർ സബ് ഇൻസ്‌പെക്ടർ സി പ്രശാന്ത് അന്വേഷിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജിതിൻ ഹാജരായി.
Discussion about this post