കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോയും ഫോണിൽ പകർത്തുകയും ചെയ്ത കേസിലെ കേസ് പ്രതിയായ യുവാവിനെ മണർകാട് മാലത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് മാലം ചെറുകരയിൽ അനന്ദു സി. മധുവിനെ(23)യാണ് അയർക്കുന്നത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ വീടിനുള്ളിൽ തൂങ്ങി നിന്ന അനന്ദുവിനെ കോട്ടയം മെഡിക്കൽ കൊളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന അനന്ദു മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ജാമ്യത്തിലിറങ്ങിയത്.കേസിൽ 2021 ഡിസംബറിലാണ് പോക്‌സോ കേസിൽ അനന്ദുവിനെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്റ്റർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം ബ്ലേഡ് വിഴുങ്ങി ആത്മഹത്യാശ്രമം നടത്തിയ പ്രതി പൊലീസിനെ പരിഭ്രാന്തിയിലാക്കിയിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
സാമൂഹിക മാധ്യമങ്ങൾ വഴി ചിങ്ങവനം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അനന്തു സൗഹൃദം സ്ഥാപിക്കുകയായിരുന്നു. 2021 ഏപ്രിലിൽ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അനന്തു പെൺകുട്ടിയുടെ വീട്ടിൽ രാത്രിയിൽ എത്തി പീഡിപ്പിച്ചു. ഈ സമയം കുട്ടിയുടെ നഗ്‌നവീഡിയോയും, ചിത്രങ്ങളും ഇയാൾ മൊബൈൽ ഫോണിൽ പകർത്തി. ഇക്കാര്യം അറിഞ്ഞ പെൺകുട്ടിയുടെ പിതാവ് പെൺകുട്ടിയെ വിലക്കുകയും അനന്തുവിനെ താക്കീത് ചെയ്യുകയും ചെയ്തു. എന്നിട്ടും തന്റെ കയ്യിലുണ്ടായിരുന്ന നഗ്‌നചിത്രങ്ങളും വീഡിയോയും അനന്തു പെൺകുട്ടിയുടെ പിതാവിന് അയച്ചു നൽകുകയാണ് ചെയ്തത്. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അനന്തു മൂന്നു ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. വീട്ടിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ബാത്ത്‌റൂമിൽ പോകുകയാണെന്ന് പറഞ്ഞ് മുറിയ്ക്കുള്ളിൽ കയറി ഇയാൾ കതകടയ്ക്കുകയായിരുന്നു. അനക്കം കാണാതെ വന്നതോടെ ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ അനന്തുവിനെ കണ്ടത്. ഉടൻ തന്നെ വിവരം അയർക്കുന്നം പൊലീസിൽ അറിയിച്ചു. തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കൊളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് സംസ്‌കാരം നടത്തും.
Discussion about this post