തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകൾ വ്യാഴാഴ്ച രാവിലെ 10 മുതൽ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ് സൈറ്റിൽ (https://hscap.kerala.gov.in) സമർപ്പിക്കാം. നേരത്തേ അപേക്ഷിച്ചിട്ടും മുഖ്യ അലോട്മെന്റിലോ ആദ്യ സപ്ലിമെന്ററി അലോട്മെന്റിലോ ഉൾപ്പെടാത്തവർക്ക് പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കാം. ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കാം. പതിനെണ്ണായിരത്തോളം സീറ്റുകളാണ് ഈ അലോട്മെന്റിനായുള്ളത്.
ഏകജാലകംവഴിയുള്ള മെറിറ്റ് ക്വാട്ടയിലോ മാനേജ്‌മെന്റ് ക്വാട്ട, കമ്യൂണിറ്റി മെറിറ്റ്, അൺ എയ്ഡഡ് തുടങ്ങി ഏതെങ്കിലും വിഭാഗത്തിൽ നിലവിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർക്ക് സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കാനാകില്ല. അലോട്മെന്റ് ലഭിച്ചെങ്കിലും സ്കൂളിൽ ചേരാത്തവർ, പ്രവേശനം നേടിയശേഷം ടി.സി. വാങ്ങിയവർ എന്നിവർക്കും ഇപ്പോൾ അപേക്ഷിക്കാൻ അനുമതിയില്ല. സ്കൂളുകളുകളിൽ മിച്ചമുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ് സൈറ്റിലുണ്ട്. അതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. സീറ്റൊഴിവില്ലാത്ത സ്കൂളിലേക്ക് അപേക്ഷ സ്വീകരിക്കില്ല.
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയിപ്പോഴുണ്ടായ പിഴവുനിമിത്തം ആയിരത്തോളം വിദ്യാർഥികളുടെ അലോട്മെന്റ് റദ്ദാക്കിയിരുന്നു. ഇവർക്ക് സ്കൂളുകളിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. അപേക്ഷയിലെ പിഴവുകൾ തിരുത്താൻ ട്രയൽ അലോട്മെന്റിനുശേഷം നാലുദിവസം അനുവദിച്ചിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്താതിരുന്നവർക്കാണ് സ്കൂളിൽ ചേരാൻകഴിയാതെ വന്നത്. ഇങ്ങനെയുള്ളവർക്കു രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കാം. ആദ്യം അപേക്ഷയിലെ പിഴവുകൾ തിരുത്തണം. തുടർന്നുവേണം ഓപ്ഷനുകൾ നൽകാൻ.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷകരുടെ എണ്ണത്തിനടുത്ത് മെറിറ്റ് സീറ്റുകൾ അവശേഷിക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മെറിറ്റ് സീറ്റുകളെക്കാൾ കുറച്ച് അപേക്ഷകർ മാത്രമാണു പ്രവേശനം കാത്തിരിക്കുന്നത്. വടക്കൻ ജില്ലകളിലാണു കൂടുതൽ അപേക്ഷകരുള്ളത്. രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായശേഷം ഈമാസംതന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് ഹയർസെക്കൻഡറി വകുപ്പ് ആലോചിക്കുന്നത്. അതിനുമുമ്പ് നിലവിൽ പ്രവേശനം ലഭിച്ചവർക്ക് സംസ്ഥാനതലത്തിൽ സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകും.
Discussion about this post