

തിക്കോടി: അകലാപ്പുഴയിൽ, നിർത്തിവെച്ച ഉല്ലാസ ബോട്ടു സർവ്വീസ് പുന:രാരംഭിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് തിക്കോടി പഞ്ചായത്ത് യു ഡി എഫ് നേതൃതല യോഗം ജില്ലാ കലക്ടറോടും ഗ്രാമ പഞ്ചായത്തിനോടും ആവശ്യപ്പെട്ടു.

ഉല്ലാസ ബോട്ടു സർവ്വീസുമായി ബന്ധമില്ലാത്ത ഒരു അപകടത്തിന്റെ മറവിൽ ബോട്ട് സർവ്വീസ് നിർത്തിവെച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും
യോഗം അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട പ്രവാസികളും നാട്ടിലെ സ്വയം തൊഴിൽ സംരഭകരും കിടപ്പാടം പോലും പണയപ്പെടുത്തിയാണ് ബോട്ട് സർവ്വീസ് ആരംഭിച്ചത്.

ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാതെ പോയ അകലാപ്പുഴയുടെ വശ്യസൗന്ദര്യത്തെ നിരന്തരമായ ഇടപെടലിലൂടെ പുറം ലോകത്ത് എത്തിച്ചത് പ്രദേശവാസികളായ ടൂറിസം സ്നേഹികളാണ്. ഇവർ സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചരണമാണ് അകലാപ്പുഴയെ ടൂറിസം ഹബ്ബായി വളർത്തിയത്.

ആളും അർത്ഥവും നൽകി അകലാപ്പുഴയെ വളർത്തിയവരെ നിരാശരാക്കുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായികൊണ്ടിരിക്കുന്നത്.
ലക്ഷങ്ങൾ ലോൺ എടുത്ത് തുടങ്ങിയ ബോട്ടു സർവ്വീസ് നിർത്തി വെപ്പിച്ചതോടെ ബോട്ടുടമകൾ ആത്മഹത്യയുടെ വക്കിലാണ്.

ബോട്ട് സർവ്വീസിനെ ആശ്രയിച്ച് പ്രത്യക്ഷമായും പരോക്ഷമായും മുന്നൂറോളം പേരാണ് ജോലി ചെയ്യുന്നത്. വരുമാനം നഷ്ടപ്പെട്ട ഇവരൊക്കെ വഴിയാധാരമായിരിക്കുകയാണ്.

നിലവിൽ ബോട്ട് സർവ്വീസ് നടത്തി കൊണ്ടിരിക്കുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കി ബോട്ട് സർവ്വീസ് പുന:രാരംഭിക്കാൻ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറകണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു.

ഡി സി സി ജനറൽ സിക്രട്ടറി സന്തോഷ് തിക്കോടി നേതൃതല യോഗം ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ രാജീവൻ കൊടലൂർ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എൻ പി മമ്മദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി.
കെ പി രമേശൻ, പി പി കുഞ്ഞമ്മദ്, ജയകൃഷ്ണൻ ചെറുകുറ്റി,
താഴത്ത് ബഷീർ, എൻ കെ കുഞ്ഞബ്ദുള്ള, പി കെ ചോയി, വി കെ അബ്ദുൾ മജീദ്, കെ അഷ്റഫ്,
ടി കെ ജയേന്ദ്രൻ പ്രസംഗിച്ചു.

Discussion about this post