ഊണിലും ഉറക്കത്തിലും സ്മാർട്ട്ഫോൺ കൊണ്ടുനടക്കുന്നവർ ഏറെയാണ്. ഇപ്പോൾ ബാത്ത് റൂമിൽ പോകുമ്പോൾ പോലും പലരും സ്മാർട്ട്ഫോണിനെ കൂടെ കൂട്ടുന്നു. ഇങ്ങനെ താഴത്തും തറയിലുമൊക്കെ വയ്ക്കാതെ കൊണ്ടുനടക്കുമെങ്കിലും നമ്മുടെ സ്മാർട്ട്ഫോണുകൾ ചിലപ്പോൾ വെള്ളത്തിലും മറ്റും വീഴാനും സ്മാർട്ട്ഫോണുകളിൽ വെള്ളം കയറാനുമൊക്കെയുള്ള സാധ്യത കൂടുതലാണ്. എന്നാൽ മുൻപത്തേതിൽനിന്ന് വ്യത്യസ്തമായി ജലപ്രതിരോധ ഫീച്ചറുകൾ അടങ്ങിയ സ്മാർട്ട്ഫോണുകളൊക്കെ ഇപ്പോൾ പുറത്തിറങ്ങുന്നുമുണ്ട്.
എങ്കിലും ചില ഘട്ടങ്ങളിൽ വെള്ളം കയറി നമ്മുടെ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം അവതാളത്തിലാകാറുണ്ട്. ഫോണിൽ വെള്ളം കയറിയാൽ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കെ ഇതിനോടകം നാം പലതവണ കേട്ടിട്ടുണ്ടാകും. എന്നാൽ സ്മാർട്ട്ഫോണിന്റെ സ്പീക്കറിൽ വെള്ളം കയറിയാൽ ഒരു ഓഡിയോ പ്ലേ ചെയ്തുകൊണ്ട് വെള്ളത്തെ പുറത്തുകളയാം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ.
അങ്ങനെയും വെള്ളം കളയാമെന്ന് ചിലർ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. അതിനായി ചില ആപ്പുകളും വെബ്സൈറ്റുകളും സൗകര്യമൊരുക്കുകയും ചെയ്യുന്നുണ്ട്. കേൾക്കുമ്പോൾ നമുക്ക് ഏറെ കൗതുകം തോന്നുന്നൊരു കാര്യം തന്നെയാണിത്. ഈ വിദ്യയിലൂടെ സ്പീക്കറിനുള്ളിൽ കയറിയ വെള്ളത്തെ എങ്ങനെയാണ് പുറത്ത് കളയുന്നത് എന്ന് നോക്കാം. സ്മാർട്ട്ഫോണിൽ വെള്ളം കയറിയാൽ പലരും ആദ്യം ചെയ്യാൻ ശ്രമിക്കുക ഫോൺ കുടഞ്ഞ് അതിനുള്ളിൽ കയറിയ വെള്ളത്തെ പുറത്തേക്ക് തെറിപ്പിക്കാനാണ്.
എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക എന്ന് പറയപ്പെടുന്നു. കുടയുമ്പോൾ വെള്ളം ഫോണിന്റെ ഉള്ളിലേക്ക് കയറിപ്പോകാൻ സാധ്യത ഉള്ളതിനാലാണ് ഈ രീതി അപകടകരമാണെന്ന് പറയുന്നത്. അതിനാൽ ഒരു തുണിയെടുത്ത് സ്മാർട്ട്ഫോൺ കവർ ഊരി തുടയ്ക്കുക. പിന്നീട് ഗൂഗിൾ ബ്രൗസറിലെത്തി ഫിക്സ് മൈ സ്പീക്കേഴ്സ് എന്ന് തിരയുക. തുടർന്ന് https://fixmyspeakers.com എന്ന വെബ്സൈറ്റ് പേജിലേക്ക് പോകുക.
അതിന് മുമ്പായി നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ വോളിയം ബട്ടൻ അമർത്തി ഏറ്റവും ഉയർന്ന വോളിയം സെറ്റ് ചെയ്യുക. സൈറ്റിൽ പ്രവേശിച്ച ശേഷം വെബ്സൈറ്റിലെ സ്ക്രീനിൽ കാണുന്ന വെള്ളത്തുള്ളിയുടെ ഐക്കണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വിവിധ ഫ്രീക്വൻസികളിലുള്ള ഓഡിയോ പ്ലേയാകും. വിവിധ ഉയർച്ചതാഴ്ചകളിലൂടെ ഈ ശബ്ദം കടന്നുപോകുന്നുപോകുമ്പോൾ വെള്ളം പുറത്തേക്ക് തെറിക്കും എന്നാണ് പറയപ്പെടുന്നത്.
ഉപയോക്താക്കൾ പിന്തുടരേണ്ട രീതികൾ വെബ്സൈറ്റിൽ വിശദമായി വീഡിയോ സഹിതം നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോണിന്റെ സ്പീക്കറിൽ കയറിയ വെള്ളം ഇതുവഴി പുറത്തുകളയാം എന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്. എങ്ങനെയാണ് ഈ രീതിയിൽ സൗണ്ട് പ്ലേ ചെയ്യുമ്പോൾ ഫോണിന്റെ ഉള്ളിലുള്ള ജലം പുറത്തേക്ക് പോകുന്നത് എന്ന് വീഡിയോയിലൂടെ വിശദീകരിക്കുന്നുമുണ്ട്.
Discussion about this post