കാഠ്മണ്ഡു: നേപ്പാളിൽ 68 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടു. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് യാത്രാവിമാനം തകർന്നുവീണതായാണ് ലഭിക്കുന്ന വിവരം. യെതി എയർലൈൻസിന്റെ 72 സീറ്റർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണ്. വിമാനത്തിൽ 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ പറയുന്നതനുസരിച്ച്, വിമാനം കാഠ്മണ്ഡുവിൽ നിന്ന് രാവിലെ 10:33 ന് പറന്നുയർന്നത്. അപകടത്തെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. പൊഖാറ വിമാനത്താവളത്തിൽ ലാൻഡിംഗിന് സമീപമായിരുന്നു വിമാനം സേതി നദിയുടെ തീരത്ത് തകർന്ന് വീണത്. പറന്നുയർന്ന് 20 മിനിട്ടിനുള്ളിലാണ് അപകടമുണ്ടായത്.
മോശം കാലാവസ്ഥയെ തുടർന്ന് പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നതെന്നാണ് പ്രാഥമിക വിവരം. പൊഖാറ വിമാനത്താവളത്തിന്റെ ഭൂപ്രദേശം കുന്നുകളാൽ ചുറ്റപ്പെട്ടതാണ്. റൺവേയിൽ ഇറങ്ങുന്നതിനിടെ തകർന്ന വിമാനം തീ പിടിച്ചതായും റിപ്പോർട്ടുകളുണ്ട്. അപകടസ്ഥലത്ത് നിന്നും പുക ഉയരുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ ഇനിയും ലഭ്യമായിട്ടില്ല.
Discussion about this post