കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന്റെ അധീനതയിലുള്ള കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തി പൂർത്തീകരിക്കുവാനും, ഗസ്റ്റ് ഹൗസ് കം ഊട്ടുപുര ഭക്തജനങ്ങൾക്ക് തുറന്നു കൊടുക്കുവാനും നടപടി വേണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ജനറൽ ബോർഡിയോഗം ആവശ്യപ്പെട്ടു.

സഹസ്ര സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡിന്റെ സഹായത്തോടെ 326 ലക്ഷം രൂപ ചെലവിൽ ചിറ നവീകരണത്തിന്റെ ഒന്നാം ഘട്ട പ്രവർത്തിയായ ചെളി നീക്കലും, പാർശ്വഭിത്തി നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. സൗന്ദര്യവൽക്കരണമുൾപ്പെടെ ശേഷിക്കുന്ന പ്രവർത്തികൾക്ക് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും പ്രവർത്തി ആരംഭിച്ചിട്ടില്ല. ജില്ലയിലെ തന്നെ വലിയ ശുദ്ധജല സംഭരണികളിലൊന്നായ കൊല്ലം ചിറയുടെ നവീകരണവുമായി ബന്ധപ്പെട്ട

തുടർ പ്രവർത്തികൾ ഉടൻ ആരംഭിക്കണമെന്നും, ഏതാണ്ട് 15 കോടി രൂപ ചെലവിൽ പുതുതായി നിർമ്മിച്ച ദേവസ്വം ഗസ്റ്റ് ഹൗസ് കം ഊട്ടുപുര ഭക്തജനങ്ങൾക്ക് തുറന്നു കൊടുക്കാൻ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
നിർമ്മാണത്തിലെ അപാകത കാരണം കെട്ടിട നമ്പറും, ഫയർ എൻ ഒ സി യും ലഭിക്കാത്തതിനാൽ പണി പൂർത്തീകരിച്ചിട്ടും കെട്ടിടം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്.

ഇക്കാര്യത്തിൽ ദേവസ്വം അധികൃതരുടേയും, നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്ന് വളരെ ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിട്ടുള്ളത്. ഇതു കാരണം ദേവസ്വത്തിനു ഉണ്ടായിട്ടുള്ള ഭീമമായ സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാനും അപാകതകൾ പരിഹരിച്ച് കെട്ടിടം എത്രയും പെട്ടന്ന് ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കാനും നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
വി വി ബാലൻ അധ്യക്ഷത വഹിച്ചു.

ഇ എസ് രാജൻ, അഡ്വ. ടി കെ രാധാകൃഷ്ണൻ, വി വി സുധാകരൻ, ശശീന്ദ്രൻ മുണ്ടയ്ക്കൽ, ഗിരീഷ് ഗിരികല, മോഹനൻ പൂങ്കാവനം, എ സതീശൻ, രവീന്ദ്രൻ പുത്തലത്ത്, വി കെ ദാമോദരൻ, കെ ബാലചന്ദ്രൻ, സുധീഷ് കോവിലേരി, എൻ എം വിജയൻ, പി വേണു പ്രസംഗിച്ചു.

Discussion about this post