കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറരയോടെ ക്ഷേത്രം മേല്‍ശാന്തി എന്‍ നാരായണന്‍ മൂസ്സതിനെ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് ആനയിക്കുകയും കൊടിയേറ്റ ചടങ്ങുകള്‍ നിർവഹിക്കുകയും ചെയ്തു. മീനമാസത്തില്‍ എട്ടുദിവസത്തെ ഉത്സവാഘോഷമാണ് ഇവിടെ നടക്കുക. കൊടിയേറിക്കഴിഞ്ഞാല്‍ ആദ്യത്തെ ആറുദിവസം എഴുന്നള്ളിക്കുന്നത് ശീവേലിത്തിടമ്പും ഏഴാംദിവസവും എട്ടാംദിവസവും നാന്ദകവുമാണ്. വന്‍ ഭക്തജനസാന്നിധ്യമാണ് കൊടിയേറ്റ ചടങ്ങുകളില്‍ ഉണ്ടായത്.
ഉത്സവ ദിനങ്ങളിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ ഈ വർഷം കലാപരിപാടികളും നടത്തുന്നുണ്ട്. ഒന്നാം ദിവസം രാത്രി എട്ട് മണിക്ക് കൊയിലാണ്ടി ഏയ്ഞ്ചൽ വൈറ്റ് ടീമിന്റെ മെഗാഷോയും രണ്ടാം ദിവസം ശ്രീ പിഷാരികാവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും മൂന്നാം ദിവസം ഗിന്നസ് നേതാവ് സുധീർ കടലുണ്ടിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയും നാലാം ദിവസം കണ്ണൂർ സൗപർണ്ണിക കലാവേദി അവതരിപ്പിക്കുന്ന നാട്ടരങ്ങും അഞ്ചാം ദിവസം കൊല്ലം യേശുദാസും ടീമും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. ചെറിയ വിളക്ക് ദിവസം വണ്ണാൻ്റെ അവകാശവരവും, കോമത്ത് പോക്ക് ചടങ്ങും വൈകീട്ട് വാദ്യകുലപതി പത്മശ്രീ കുട്ടൻമാരാർ നയിക്കുന്ന പാണ്ടിസമേതമുള്ള കാഴ്ച്ച ശീവേലി നടക്കും.
ഏപ്രിൽ 4 വെള്ളിയാഴ്ച വലിയ വിളക്ക് ദിവസം മന്ദമംഗലത്ത് നിന്നും ഇളനീർകുലവരവും വസൂരിമാല വരവും ക്ഷേത്രത്തിൽ എത്തിച്ചേരും വൈകീട്ട് മൂന്ന് മണിമുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർകുലവരവുകൾ തണ്ടാന്റെ അരങ്ങോലവരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, കൊല്ലന്റെ തിരുവായുധം വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. രാത്രി 11 മണിക്ക് സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം ഗജവീരന്മാരുടെ അകമ്പടിയോടെ നൂറ്റമ്പതിൽപരം വാദ്യകലാകാരൻമാരെ അണിനിരത്തി പ്രഗത്ഭരും വാദ്യകുലപതികളുമായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ബാലരാമൻ, ഉള്ളിയേരി ശങ്കരമാരാർ ,കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, വെള്ളിനേഴി ആനന്ദ്, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ കാഞ്ഞിലശ്ശേരി പത്മനാഭൻ, വെള്ളിനേഴി രാംകുമാർ, കലാമണ്ഡലം ശിവദാസൻ, കൊട്ടാരം ബിജു, മട്ടന്നൂർ അജിത്ത്, മാരായമംഗലം രാജീവ്, പനമണ്ണ മനോഹരൻ, കാഞ്ഞിലശ്ശേരി അരവിന്ദൻ, എന്നിവരുടെ ഇരട്ടപ്പന്തി മേളത്തോടെ പുറത്തെഴുന്നള്ളിച്ച് ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് പുലർച്ചെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വാളകം കൂടുന്നു.
ഏപ്രിൽ 5 വെള്ളിയാഴ്ച കാളിയാട്ട ദിവസം വൈകിട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്ര സന്നി ധിയിൽ എത്തിച്ചേരും. തുടർന്ന് പുറത്തെഴുന്നള്ളിപ്പ് നടക്കും. പാലച്ചുവട്ടിലേക്ക് നീങ്ങി ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം കലാമണ്ഡലം ശിവദാസമാരാരുടെ നേതൃത്വത്തിൽ വിദഗ്ധരായ മേളക്കാരുടെ പാണ്ടിമേളത്തിന് ശേഷം ക്ഷേത്ര കിഴക്കെ നടയിലൂടെ ഊരുചുറ്റാനിറങ്ങി നിശ്ചിത സ്ഥലങ്ങളിലൂടെ ക്ഷേത്രത്തിൽ എത്തി 11.30നും 12.15 നുള്ളിൽ വൃശ്ചികം രാശിയിൽ വാളകം കൂടുന്നു. ഇതോടെ കാളിയാട്ട മഹോത്സവം കൊടിയിറങ്ങും.
Discussion about this post