കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ടമഹോത്സവത്തോടനുബന്ധിച്ച് പ്രധാന ഉൽസവ ദിവസങ്ങളായ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കും. ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. വടകര ഡി വൈ എസ് പി അബ്ദുൾ ഷെരീഫിനാണ് സുരക്ഷാ ചുമതല.
റൂറൽ എസ് പി ഡോ: എ ശ്രീനിവാസ് കൊയിലാണ്ടിയിൽ ക്യാമ്പ് ചെയ്ത് കാര്യങ്ങൾ നിരീക്ഷിക്കും. മറ്റ് ഡി വൈ എസ് പിമാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുമെന്ന് കൊയിലാണ്ടി സി ഐ എൻ സുനിൽകുമാർ അറിയിച്ചു. 50 സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തും. കൂടാതെ ഹെലി ക്യാമറകൾ, വാച്ച് ടവറുകൾ സ്ഥാപിച്ചും നിരീക്ഷണം നടത്തും. 200 ഓളം പോലീസുകാർ, വനിതാ പോലീസുകാർ, പ്രത്യേക ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും. മഫ്ടിയിലും പോലീസ് നിരീക്ഷണം ഉണ്ടാവും. ഉത്സവത്തിൻ്റെ ഭാഗമായി വ്യാപകമായി അബ്കാരി റെയ്ഡ് നടത്തും.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദേശീയ പാതയിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 8 മണി വരെ, ഗതാഗത നിയന്ത്രണം ഉണ്ടാവും, വടകര ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ പയ്യോളി പേരാമ്പ്ര ഉള്ള്യേരി വഴി കോഴിക്കോട്ടേക്ക് പോകണം. വടകര ഭാഗത്ത് നിന്ന് വരുന്ന വലിയ ചരക്ക് വാഹനങ്ങൾ മൂരാട് പാലത്തിനു മുമ്പുള്ള ഒഴിഞ്ഞ ഭാഗങ്ങളിൽ നിർത്തിയിടണം. വടകര കൊയിലാണ്ടി ബസ്സുകൾ കൊല്ലം ചിറയിൽ നിർത്തി ആളെ ഇറക്കി പോകണം.
കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂളാടിക്കുന്ന് – ഉള്ള്യേരി – പേരാമ്പ്ര വഴി പോകണം. കോഴിക്കോട് നിന്ന് വരുന്ന വലിയ ചരക്ക് വാഹനങ്ങൾ വെങ്ങളം പൂളാടിക്കുന്ന് ബൈപ്പാസിലെ ഒഴിഞ്ഞ ഭാഗത്ത് നിർത്തിയിടണമെന്നും പോലീസ് അറിയിച്ചു. കൊയിലാണ്ടിയിലെ ട്രാഫിക്കിൻ്റെ ചുമതല ട്രാഫിക് എസ് ഐ വി എം ശശിധരനായിരിക്കും.
Discussion about this post