കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. 1,50,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. തുക പോലീസ് ഉദ്യോഗസ്ഥയിൽനിന്നും ഈടാക്കി നൽകാൻ ആഭ്യന്തരവകുപ്പ് ഉത്തരവിൽ പറയുന്നു.കോടതിച്ചെലവായ 25,000 രൂപയും ഉദ്യോഗസ്ഥയിൽനിന്നും ഈടാക്കും. പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും എട്ടുവയസുള്ള മകളെയും മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചു.
അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു രജിതയുടെ ആരോപണം. എന്നാൽ പോലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി. എന്നിട്ടും ഈ പോലീസ് ഉദ്യോഗസ്ഥ തന്നോടും കുട്ടിയോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രൻ പറയുന്നു. പോലീസുകാരുടെ പരസ്യവിചാരണയിൽ എട്ടുവയസുകാരിക്ക് മാനസികവ്യഥയുണ്ടായി.
Discussion about this post