തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞം സംഘര്‍ഷം വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സമാധാനം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. അക്രമികള്‍ എന്താണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞെന്നും മുഖ്യമന്ത്രി
പ്രതികരിച്ചു.ഇത്തരം അക്രമങ്ങളില്‍ വിവേക പൂര്‍വ്വം പെരുമാറിയതിലൂടെയാണ് നാടിന് സമാധാനം ഉറപ്പാക്കാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പൊലീസിന്റെ ധീരമായ നിലപാട് കൊണ്ടാണ്. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിലാണ് വിഴിഞ്ഞത് ആക്രമണം നടന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എഡിജിപി എം ആര് അജിത് കുമാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
ഇക്കാര്യം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും സംഭവം അന്വേഷിക്കുന്നുണ്ട്. വിഴിഞ്ഞത്ത് രഹസ്യയോഗം നടത്തിയതും അന്വേഷണപരിധിയിലുണ്ടെന്ന് എഡിജിപി അറിയിച്ചു. നിലവില്‍ വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ ശാന്തമാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകളില്‍ നടപടികള്‍ തുടരും. പ്രതികളെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും എഡിജിപി അറിയിച്ചു.അതേസമയം, വിഴിഞ്ഞം ആക്രമണസംഭവങ്ങളുമായി ബന്ധപ്പെട്ട് 163 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡിഐജി ആര് നിശാന്തിനി അറിയിച്ചു. അക്രമങ്ങള്‍ നടത്തിയ
പ്രതികളെ തിരിച്ചറിയേണ്ടതുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും നിശാന്തിനി അറിയിച്ചിരുന്നു.പൊലീസ് സ്റ്റേഷന് വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുന്‍ നിര്‍ത്തി വിഴിഞ്ഞത്ത് പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ സാഹചര്യങ്ങള്‍ ശാന്തമാണെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാം എന്നാണ് സൂചന. കൂടുതല്‍ പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Discussion about this post