വെള്ളത്തിനടിയില്‍ ഏറ്റവും ആഴത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതിനുള്ള ഗിന്നസ് റെക്കോഡിന് അര്‍ഹനായി കനേഡിയന്‍ ഫോട്ടോഗ്രാഫര്‍ സ്റ്റീവന്‍ ഹെയ്‌നിങ്. ഫ്‌ളോറിഡയിലെ ബാക റാറ്റണിലെ തകര്‍ന്ന ഹെഡ്രോ അറ്റ്‌ലാന്റിക് കപ്പലില്‍നിന്ന് അമ്പത് മീറ്റര്‍ താഴ്ചയിലാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഡീകംപ്രഷന്‍ സോണിനപ്പുറമാണ് അറ്റ്‌ലാന്റിക് സൈറ്റ് സ്ഥിതിചെയ്യുന്നത്. ഇത് മൂന്നാമത്തെ തവണയാണ് സ്റ്റീവന്‍ റെക്കോഡ് നേടുന്നത്.
2021 ജൂണിലും 2023 സെപ്റ്റംബറിലും യഥാക്രമം 21, 30 മീറ്റര്‍ താഴ്ചയില്‍ ഫോട്ടോഷൂട്ട് നടത്തിയതിനായിരുന്നു സ്റ്റീവന്‍ റെക്കോഡ് നേടിയിരുന്നത്. 2023 ഡിസംബറില്‍ കനേഡിയന്‍ ഫോട്ടോഗ്രാഫറായ കിം ബ്രൂണോ സ്റ്റീവന്റെ റെക്കോഡ് മറികടന്നിരുന്നു. ബഹാമാസില്‍ 131 ഫീറ്റ് താഴ്ചയില്‍ ഫോട്ടോഷൂട്ട് നടത്തിയായിരുന്നു കിം ബ്രൂണോ റെക്കോര്‍ഡ് നേടിയത്.
ഇത്തവണ സിയാര ആന്റോവ്‌സ്‌കി എന്ന മോഡലിനെയാണ് സ്റ്റീവന്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുപ്പിച്ചത്. കൂടുതല്‍ ആഴത്തില്‍ ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചതിനാല്‍ സ്റ്റീവനും സംഘവും തീവ്രപരിശീലനം നടത്തിയിരുന്നു. വെളുത്ത ഗൗണും കറുപ്പ് നിറത്തിലുള്ള ബൂട്ടുകളുമായിരുന്നു മോഡലിന്റെ വേഷം. ഓക്‌സിജന്‍ ടാങ്ക് ഇല്ലാതെയാണ് മോഡല്‍ സിയാര ആന്റോവ്‌സ്‌കി ഫോട്ടോഷൂട്ട് നടത്തിയത്.
Discussion about this post