കൊച്ചി: രാജ്യത്ത് ഇന്ധനവില തുടർച്ചയായി ഇന്നും വർദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 32 പൈസയാണ് വർദ്ധിച്ചത്. ഡീസലിന് 37 പൈസയും കൂടി. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ധന വില, ആറ് തവണ വര്‍ധിച്ചതോടെ, നാലര രൂപയ്ക്ക് മുകളിലേക്കാണ് വില കുതിച്ചുയര്‍ന്നത്.
ഇന്നലെ അര്‍ധരാത്രിയും വില വര്‍ധിച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില ഇനിയും കൂടുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇത് എല്ലാ മേഖലയിലും വിലക്കയറ്റവും സൃഷ്ടിക്കും.
Discussion about this post