പേരാമ്പ്ര: വികസനമല്ല ഭരണസ്തംഭനമാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ നടക്കുന്നതെന്ന് യു ഡി എഫ് ആരോപിച്ചു. യു ഡി എഫ് നേതൃത്വത്തിൽ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ബഹിഷ്കരിച്ച് പ്രതിഷേധ ധർണ നടത്തി. പേരാമ്പ്രയിൽ വികസന മുരടിപ്പാണ് നടക്കുന്നത്. വ്യക്തിഗത ആനുകൂല്യങ്ങളോ പൊതുവായ വികസനമോ ഒന്നും തന്നെ നടക്കുന്നില്ല. മാലിന്യ പ്രശ്നം ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയായി നിൽക്കുന്നു.

മഴക്കാലമെത്തിയിട്ടും മാലിന്യം നീക്കം ചെയ്യാൻ ഒരു നടപടിയുമില്ല. കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കുവാൻ നടപടിയില്ല. ഫണ്ട് വിഭജനത്തിൽ യു ഡി എഫ് മെമ്പർമാരോട് വിവേചനം കാണിക്കുന്നു. വീടിന് അപേക്ഷ നൽകിയവർ കുടിലുകൾ കെട്ടി കാത്തിരിക്കുന്നു. എപ്പോൾ ലഭിക്കുമെന്നതിന് ഒരു രൂപവുമില്ല. കെട്ടിട നിർമാണ ചട്ടങ്ങൾ കാറ്റിൽ പറത്തി അനധികൃത കെട്ടിട നിർമ്മാണങ്ങൾ നടക്കുന്നു.

തെരുവുവിളക്കുകൾ കത്തുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളെ കബളിപ്പിക്കുവാനാണ് വികസന സെമിനാറെന്നും അതുകൊണ്ടാണ് സെമിനാർ ബഹിഷ്കരിക്കുവാൻ യു ഡി എഫ് തീരുമാനിച്ചതെന്നും നേതാക്കൾ അറിയിച്ചു. പ്രധിഷേധ ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു.

യു ഡി എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ പുതുക്കുടി അബുദ്ഹിമാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ രാഗേഷ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി ആലീസ് മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അർജുൻകറ്റയാട്ട്, സൽമ നന്മനക്കണ്ടി, റസ്മീന തങ്കേക്കണ്ടി, പി എം പ്രകാശൻ, കെ കെ ഗംഗാധരൻ, പി കെ മജീദ്, രമേഷ് മഠത്തിൽ, ചന്ദ്രൻ പടിഞ്ഞാറക്കര, പി എം സത്താർ പ്രസംഗിച്ചു.




































Discussion about this post