തിരുവനന്തപുരം: കെ റെയിലിന്റെ തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എ.എന്‍. ഷംസീര്‍ എംഎല്‍എ. സില്‍വര്‍ ലൈന്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംസാരിക്കുമ്പോഴായിരുന്നു ഷംസീറിന്റെ പ്രസ്താവന. കെ റെയിലിന്റെ പേരില്‍ കേരള പോലീസിന്റെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന പി.സി വിഷ്ണുനാഥിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടാണ് ഷംസീര്‍ ഇങ്ങനെ പറഞ്ഞത്. കേരളത്തിന്റെ സമ്പദ് ഘടന മെച്ചപ്പെടുത്താന്‍ കേരളത്തിനുള്ള സാധ്യത ടൂറിസമാണെന്നും അതിന് അനിവാര്യമാണ് കെ റെയിലെന്നും ഷംസീര്‍ പറഞ്ഞു. കെ റെയിലിന് എതിരെ ഇപ്പോള്‍ നടക്കുന്നത് ഇവന്റ് മാനേജ്‌മെന്റ് സമരമാണെന്നും ഷംസീര്‍ ആരോപിച്ചു.
അതേസമയം സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയെയും സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആ പ്രതിഷേധത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൃഗീയവുമാണ് സര്‍ക്കാരും പോലീസും നേരിടുന്നതെന്ന് പ്രമേയാവതരണം നടത്തിയ വിഷ്ണുനാഥ് ആരോപിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ കല്ലുകള്‍ സ്ഥാപിക്കാന്‍ എന്തു ഹീനമായ ആക്രമണവും നടത്താന്‍ മടിയില്ലാത്ത തരത്തിലേക്ക് സര്‍ക്കാരും പോലീസും അധഃപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് പോലീസുകാരുമായെത്തി സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കയറുകയാണ്. എതിര്‍ക്കുന്നവരെ അതിക്രമിച്ചും വലിച്ചിഴച്ചും തളര്‍ന്നുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ തടസ്സം നിന്നും കേരളത്തിന്റെ പോലീസ് ആറാടുകയാണ്, അഴിഞ്ഞാടുകയാണ്. കെ റെയില്‍ പോലെ കെ ഫോണ്‍ പോലെ കേരള പോലീസിന്റെ കെ ഗുണ്ടായിസമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു.
Discussion about this post