തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജിന് ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാനോ വിവാദപ്രതികരണങ്ങൾ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് പി സി ജോർജ് പറഞ്ഞു.
പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോർട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോർജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആർ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

എആർ ക്യാംപിൽ വച്ച് തന്നെ വൈദ്യപരിശോധന നടത്തിയ ശേഷം വഞ്ചിയൂരിലെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. കോടതി അവധിയായതിനാലാണ് മജിസ്ട്രേറ്റിന്റെ വീട്ടിൽ എത്തിച്ചത്. പി സി ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്. മതസ്പർധ ഉണ്ടാക്കാൻ പി സി ജോർജ് ആലോചിച്ച് ഉറപ്പിച്ച് പ്രവർത്തിച്ചെന്നും ജാമ്യം നൽകിയാൽ അന്വേഷണം തടസപ്പെടുത്തുമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

Discussion about this post