കോട്ടയം: ഇന്ന് ഹാജരാവണമെന്ന പോലീസ് നോട്ടിസ് തളളി മുൻ എം എൽ എ പി സി ജോർജ് ഇന്ന് തൃക്കാക്കരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും. വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11 ന് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ ഹാജരാകാനായി പി സി ജോർജിനു പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.
‘തിരഞ്ഞെടുപ്പ് പ്രവർത്തനം ജനാധിപത്യപരമായ കടമയാണ്. ഇന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുകയാണ്. പൊലീസിന്റെ അറസ്റ്റും റിമാൻഡും കാരണം ഇതുവരെ എനിക്കവിടെ പോകാൻ കഴിഞ്ഞില്ല. എന്റെ പ്രവർത്തകർ അല്ലെങ്കിൽ അനുഭാവികൾ ആർക്കു വോട്ടു ചെയ്യണമെന്നു പറയാൻ എനിക്ക് ഉത്തരവാദിത്തമുണ്ട്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിളിക്കുന്നിടത്തു ചോദ്യം ചെയ്യലിനു ഹാജരാകാൻ ഞാൻ തയാറാണ്. ഇതുവരെ ഞാൻ ഒളിച്ചിട്ടില്ല.’-പി സി ജോർജ് പറഞ്ഞു.
പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിനു പിന്നിലെന്ന് പി സി ജോർജ് ആരോപിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ തനിക്കെതിരെ എഫ് ഐ ആർ പോലുമിടാൻ ഇവർ തയാറാകില്ലായിരുന്നു. ഇതു വെറും കള്ളക്കേസാണ്.

ഒരു ജനപ്രതിനിധിയായി നിന്ന് 33 കൊല്ലം നിയമം നർമിച്ച താൻ എങ്ങനെയാണു നിയമം ലംഘിക്കുന്നതെന്നും പി സി ചോദിച്ചു. കേരള പൊലീസല്ല, പിണറായിയുടെ ഊളൻമാരാണിതെന്നും ജോർജ് ആരോപിച്ചു. കേരള പൊലീസ് വരട്ടെ താൻ അനുസരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post