തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂഞ്ഞാർ മുൻ എം എൽ എ പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തുടർന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോർട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി സി ജോർജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദവനം എആർ ക്യാംപിലാണ് എത്തിച്ചത്. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പി സി ജോർജിനെ ഈരാറ്റുപേട്ടയിൽനിന്ന് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ വട്ടപ്പാറയിൽ വച്ച് വാഹനവ്യൂഹം തടഞ്ഞ ബിജെപി പ്രവർത്തകർ പി സി ജോർജിനു ഐക്യദാർഢ്യം അറിയിച്ചു. എആർ ക്യാംപിനു മുന്നിൽ ഡി വൈ എഫ് ഐ പ്രവർത്തകർ പി സി ജോർജിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി, ഡി ജി പി എന്നിവർക്കും ഡി വൈ എഫ് ഐ പൊലീസിലും പരാതി നൽകിയിരുന്നു.
കച്ചവടം ചെയ്യുന്ന മുസ്ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു, മുസ്ലിംകൾ അവരുടെ ജനസംഖ്യവർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്നു പ്രാവശ്യം തുപ്പിയശേഷം വിതരണം ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങളാണ് പി സി ജോർജ് ഉന്നയിച്ചത്.
Discussion about this post