1983ൽ ആണ് പയ്യോളി ടെക്നിക്കൽ ഹൈസ്‌കൂൾ സ്ഥാപിതമാവുന്നത്. ജൂനിയർ
ടെക്നിക്കൽ സ്‌കൂൾ അഥവാ ജെ ടി എസ് എന്ന് പറയുമ്പോൾ പഴയ കാലത്ത്
സാധാരണക്കാരായ ഇടത്തരം പഠന നിലവാരത്തിലുള്ള കുട്ടികൾക്ക്
എത്തിപ്പിടിക്കാൻ കഴിയാത്ത വലിയ സ്വപ്നമായിരുന്നു. കാരണം, ഏഴാം ക്ലാസ്സ്
കഴിഞ്ഞാൽ ജെ ടി എസ്സിൽ പ്രവേശനം ലഭിക്കണമെങ്കിൽ പ്രവേശന പരീക്ഷയിൽ മികവ്
തെളിയിക്കണം. മാത്രവുമല്ല, സംസ്ഥാനത്ത് ആകെ, ചുരുക്കം ടെക്നിക്കൽ ഹൈസ്‌കൂളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും…!!
വലിയ പുരോഗതിയാണ് പയ്യോളി ടെക്നിക്കൽ ഹൈസ്‌കൂളിന് ഉണ്ടായിട്ടുള്ളത്. പയ്യോളി ടൗണിൽ ഉള്ള വാടക കെട്ടിടത്തിൽ തുടങ്ങിയ ആ പഴയ ജെ ടി എസ് 39 വർഷങ്ങൾക്കിപ്പുറം സ്വന്തമായ സ്ഥലത്ത് വലിയ പ്രാക്ടിക്കൽ വർക്ക് ഷോപ്പുകളും, ഉയർന്ന സാങ്കേതിക സൗകര്യങ്ങളുമായി പയ്യോളി ടി എച്ച് എസ് എന്ന പേരിൽ തലയുയർത്തി നിൽക്കുകയാണ്. ‘മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല’ എന്ന് പറയുന്നത് പോലെ, പയ്യോളിക്കാർ വേണ്ട രീതിയിൽ ടെക്നിക്കൽ ഹൈസ്‌കൂളിനെ മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.
എന്താണ് ടെക്നിക്കൽ ഹൈസ്‌കൂൾ ..?
ഏഴാം ക്ലാസ് ജയിച്ച കുട്ടികൾക്ക് എഞ്ചിനീയറിംഗ് മേഖലയിലേക്കുള്ള വാതായനം
തുറന്ന് കൊടുക്കുകയാണ് ടെക്നിക്കൽ ഹൈസ്‌കൂൾ പഠനത്തിലൂടെ ലഭിക്കുന്നത്.
പഠനത്തോടൊപ്പം കുട്ടികളെ സാങ്കേതികമായ തൊഴിലിന് കൂടി സജ്ജരാകുക എന്നതാണ്
ഓരോ ടെക്നിക്കൽ ഹൈസ്‌കൂളിന്റെയും കർത്തവ്യം. ഇതിനായി സംസ്ഥാനത്ത് 39
ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്‌കൂളുകൾ നിലവിലുണ്ട്. സാധാരാണ ഹൈസ്‌കൂളിലേത്
പോലെ തന്നെയാണ് 8 ,9 ,10 ക്ലാസുകളിലെ പഠനം. എന്നാൽ ഒന്നാം വർഷത്തിൽ
(എട്ടാം ക്ലാസ്സിൽ ) കുട്ടിക്ക് അടിസ്ഥാന സാങ്കേതിക പരിജ്ഞാനവും, ഒന്നാം വർഷത്തെ പഠന
നിലവാരത്തിന്റെ അടിസ്ഥാനത്തിൽ 9 ,10 ക്ലാസ്സുകളിൽ അധികമായി ഒരു സാങ്കേതിക
വിഷയം പഠിക്കാനും കഴിയുന്നു. തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന ഈ സാങ്കേതിക
വിദ്യ കൂടി കുട്ടി ആര്ജിച്ചെടുക്കുമ്പോൾ എഞ്ചിനീയറിംഗ് മേഖലയിലെ ഉപരി പഠനത്തിന് അവർ പ്രാപ്തനാവുന്നു. അധ്യയന മാധ്യമം മുഖ്യമായും ഇംഗ്ലീഷ് ആണ് . അതിനായി ആദ്യ രണ്ട് വർഷങ്ങളിൽ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ‘എൻ റിച്ച് യുവർ ഇംഗ്ലീഷ് കോഴ്സ്’ പരിശീലനം കൂടി നൽകുന്നു. ഇതിനൊക്കെയായി അധിക സമയം ആവശ്യമുള്ളതിനാൽ സാധാരണ ഹൈസ്‌കൂളിൽ നിന്നും വ്യത്യസ്ഥമായി ടി എച്ച് എസ്സിൽ സ്‌കൂൾ സമയം 9 മുതൽ 4. 30 വരെയാണ്.
പയ്യോളി ടെക്നിക്കൽ ഹൈ സ്കൂൾ വർക്ക് ഷോപ്പ് കെട്ടിടം
സാധാരണ ഹൈസ്‌കൂളും ടെക്നിക്കൽ ഹൈസ്‌കൂളും
ഏഴാം ക്ലാസ്സ് പഠനം പൂർത്തിയാക്കുന്ന ഓരോ കുട്ടിയുടെയും രക്ഷിതാക്കൾക്ക്
ഉള്ള ഒരു പ്രധാന സംശയം ആണ് ഇത്..! എട്ടാം ക്ലാസ്സിൽ ഹൈസ്‌കൂളിൽ
പഠിപ്പിക്കണോ അതോ ടെക്നിക്കൽ ഹൈസ്‌കൂളിൽ അയക്കണോ എന്ന്..!! ഉത്തരം വളരെ
ലളിതമാണ്. നിങ്ങളുടെ കുട്ടിയെ എഞ്ചിനീയറിംഗ് മേഖലയിലേക്ക് അയക്കാൻ ആണ്
നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ മറിച്ച് ഒന്ന് ആലോചിക്കേണ്ടതില്ല. ധൈര്യമായി നിങ്ങൾക്ക് കുട്ടിയെ ടെക്നിക്കൽ ഹൈസ്‌കൂളിൽ അയക്കാം. എന്നാൽ മറിച്ച് നിങ്ങളുടെ കുട്ടിയെ മെഡിക്കൽ ഫീൽഡിലേക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിലേക്കോ ആണ് നിങ്ങൾ ജോലിക്ക് വേണ്ടി പാകപ്പെടുത്തുന്നത് എങ്കിൽ ഇത് കൊണ്ട് വലിയ പ്രയോജനം
ഒന്നുമില്ല, മാത്രമല്ല ബയോളജി പാഠ്യ പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ പിന്നീട് മെഡിക്കൽ ഫീൽഡിലേക്ക് പോകുമ്പോൾ കുട്ടിയ്ക്ക് അൽപ്പം പ്രയാസവും അനുഭവപ്പെട്ടേക്കാം….!
പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ വർക്ക് ഷോപ്പ്
അപേക്ഷ ആർക്ക് എങ്ങനെ..?
ഏഴാം ക്ലാസ്സ് ജയിച്ച് 2022 ജോൺ ഒന്നിന് പതിനാറ് വയസ്സ് തികയാത്തവരെയാണ്
ടെക്നിക്കൽ ഹൈസ്‌കൂളിൽ പ്രവേശിപ്പിക്കുന്നത് . പട്ടിക ജാതി/ ഒ ഇ സി
/ ഭിന്നശേഷി / വിമുക്ത ഭട /രാജ്യ സുരക്ഷായ വിഭാഗക്കാർക്ക് സംവരണം
ഉണ്ട്. ഓൺലൈൻ അപേക്ഷയ്ക്കും പ്രോസ്പെക്ടസിനുമായി https://www.polyadmission.org/ths/
എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഒന്നിലേറെ സ്‌കൂളുകളിലേക്ക് വെവ്വേറെ
അപേക്ഷിക്കുന്നതിൽ തടസ്സമില്ല. ഏപ്രിൽ 7 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ
അടിസ്ഥാനത്തിൽ ആയിരിക്കും തെരെഞ്ഞെടുപ്പ്. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്
സ്‌കൂൾ മാറ്റം ലഭിക്കില്ല. എന്നാൽ രണ്ടാവും വർഷം മുതൽ മാറ്റം
ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. ക്ലാസ്സുകൾ ജൂൺ ഒന്നിന്
ആരംഭിക്കും.
സ്‌കൂളുകൾ/സീറ്റുകൾ എവിടെയൊക്കെ..?
39 സ്‌കൂളുകളിലായി ആകെ 3275 സീറ്റുകൾ ആണ് ഉള്ളത്. നെടുമങ്ങാട്,
നെയ്യാറ്റിൻകര, ശ്രീകാര്യം കുളത്തുപ്പുഴ, എഴുകോൺ, ഹരിപ്പാട്, കാവാലം,
കൃഷ്ണപുരം , പാമ്പാടി, കുറിച്ചി, പാലാ, തീക്കോയി, കടപ്ലാമറ്റം ,
കാഞ്ഞിരപ്പള്ളി, ഇലഞ്ഞി മുളന്തുരുത്തി, ആയവന, വാരപ്പെട്ടി, പുറപ്പുഴ,
വണ്ണപ്പുറം, അടിമാലി, തൃശൂർ, കൊടുങ്ങല്ലൂർ , ഷൊർണൂർ പാലക്കാട്, ചിറ്റൂർ,
കോക്കൂർ, കുറ്റിപ്പുറം, മഞ്ചേരി, കോഴിക്കോട്, വടകര , പയ്യോളി ,
തളിപ്പറമ്പ് , കണ്ണൂർ, നെരുവമ്പ്രം, മൊഗ്രാൽപുത്തൂർ, ചെറുവത്തൂർ ,
മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ആണ് സ്‌കൂളുകൾ.
ടെക്നിക്കൽ ഹൈസ്‌കൂൾ കൊണ്ട് എന്തൊക്കെ ഗുണം..?
എഞ്ചിനീയറിംഗ് മേഖലയിലേക്ക് ചെറിയ ക്ലാസ്സിൽ നിന്ന് തന്നെ പഠനം തുടങ്ങാം.
പോളി ടെക്‌നിക്കിൽ 10 % സീറ്റ് സംവരണം ലഭിക്കും
THSLC അടിസ്ഥാന യോഗ്യതയുള്ള ടെക്നിക്കൽ പി എസ് സി പരീക്ഷ എഴുതാം. അതിലൂടെ ഗവണ്മെന്റ് ജോലി ലഭിക്കും.
പയ്യോളി ടെക്നിക്കൽ ഹൈസ്‌കൂൾ പോളി ടെക്നിക്ക് ആയി മാറുമോ..?
പയ്യോളി പോളി ടെക്നിക്ക് എന്നത് ഇവിടുത്തെ ജനങ്ങളുടെ ഒരു ചിരകാല അഭിലാഷമാണ്. നിലവിൽ കണ്ണൂരിനും, കോഴിക്കോടിനും ഇടയിൽ ഒരു ഗവണ്മെന്റ് നോഡൽ പോളി ടെക്നിക്ക് പോലും ഇല്ല എന്നതും, മലയോര പ്രദേശങ്ങളിലെയും, തീര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളുടെ സാങ്കേതിക പഠന മോഹങ്ങൾക്ക് കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്നു എന്നതും പയ്യോളി പോളി ടെക്നിക് എന്ന ആവശ്യത്തിന് കൂടുതൽ ബലം നൽകുന്നു. നിലവിലെ ടെക്നിക്കൽ ഹൈസ്‌കൂൾ നില നിർത്തി കൊണ്ട് തന്നെ ഒരു പോളി ടെക്നിക്ക് ആയി ഉയർത്താൻ പര്യാപ്തമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലവിൽ ഇവിടെയുണ്ട് എന്നത് പകൽ പോലെ സത്യമായ കാര്യമാണ്. എന്നിട്ടും അവഗണനകൾ മാത്രം ബാക്കിയാക്കി പയ്യോളിക്കാരുടെ കാത്തിരിപ്പ് നീളുകയാണ്.
പയ്യോളി പോളി ടെക്നിക്കിന് വേണ്ടി പി ടി എ ഉൾപ്പെടെ നിരന്തരമായി ആവശ്യം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ വർഷം നിയമ സഭയിൽ കൊയിലാണ്ടി എം എൽ എ പയ്യോളി പോളി ടെക്നിക്കിന് വേണ്ടി ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കുകയും, ഇതിന്റെ സാധ്യത പഠനം നടത്താൻ വേണ്ടി കോഴിക്കോട് ഗവണ്മെന്റ് പൊളി ടെക്നിക്ക് പ്രിൻസിപ്പാളിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു എന്നതാണ് ഏറ്റവും ഒടുവിൽ നടന്ന കാര്യം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ചുവപ്പ് നാടയിൽ കുടുങ്ങി പയ്യോളി പോളി ടെക്നിക്ക് വിസ്മൃതിയിൽ അണയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
ടെക്നിക്കൽ ഹൈ സ്കൂൾ സൂപ്രണ്ട് പയ്യോളി വാർത്തകളോട് സംസാരിക്കുന്നു
ടെക്നിക്കൽ ഹൈ സ്‌കൂളിൽ ചേരുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഉപകാരപ്രദമായ വീഡിയോ കാണാം
Discussion about this post